ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തിന് പൊലിമയേറുന്നത് സ്നേഹവും സാന്ത്വനവും പകരുന്ന സന്ദേശങ്ങളും സമ്മാനങ്ങളും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകകൂടി ചെയ്യുമ്പോഴാണ്. മായാത്ത ഓർമകളായി അത് പലപ്പോഴും അവശേഷിക്കാറുണ്ട്. ക്രിസ്മസ് കാർഡുകൾ അയക്കുന്നത് പണ്ടത്തെ പതിവായിരുന്നെങ്കിലും ഇന്ന് അതില്ലാതായി.
സോഷ്യൽ മീഡിയയുടെയും സ്മാർട്ട് ഫോണുകളുടെയും വരവോടെ മെസേജിലൂടെ ആശംസ പങ്കുവെക്കുന്നത് സാർവത്രികമാണെങ്കിലും അത് പലർക്കും ബോറായി തുടങ്ങിയതിനാൽ ക്രിസ്മസ് ഗിഫ്റ്റുകൾ വീണ്ടും സജീവമായി തുടങ്ങി.
പരമ്പരാഗതമായ ആശംസ കാർഡുകൾക്കുപകരം പുതിയ ഫാൻസി ഐറ്റങ്ങൾ, ഗാഡ്ജറ്റുകൾ, വ്യക്തിഗതമായി രൂപകൽപന ചെയ്ത സമ്മാനങ്ങൾ എന്നിവയാണ് കൂടുതൽ കൈമാറുന്നത്. ക്രിസ്മസ് മെസേജ് വിളക്കുകൾ, സാന്റ ബോക്സ്, മെമ്മറീസ് വില്ല, കൗണ്ട് ഡൗൺ ക്ലോക്ക് എന്നിങ്ങനെ ക്രിസ്മസ് സന്ദേശങ്ങൾ അടങ്ങിയിരിക്കുന്ന കളിപ്പാട്ടങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുന്നത് ട്രെൻഡാവുകയാണ്.
കുട്ടികളെ ആകർഷിക്കാൻ ക്രിസ്മസ് തീമിലുള്ള കളിപ്പാട്ടങ്ങളാണ് വിപണിയിൽ കൂടുതലുള്ളത്. കുട്ടികൾക്ക് കൂടുതൽ താൽപര്യം മിനിയേച്ചറുകളാണ്. അതിൽപെട്ട ഒന്നാണ് ഡാൻസിങ് സാന്റാ കളിപ്പാട്ടങ്ങൾ. ബാറ്ററിയിൽ വർക്ക് ചെയ്യുന്ന ഈ സാന്റ, ലൈറ്റുകളും സംഗീതവും ഒന്നിച്ചു ചേർന്നു വരുന്ന രൂപത്തിലുള്ളവയാണ്. ക്രിസ്മസ് അപ്പൂപ്പന്റെയും ക്രിസ്മസ് തീമിലുള്ളതുമായ മിനിയേച്ചർ സെറ്റുകളും ഈ വർഷം വലിയ ഹിറ്റാണ്.
ക്രിസ്മസ് ആഘോഷങ്ങൾക്കായി കുട്ടികളുടെ കളിക്കളങ്ങളിൽ എത്തുന്ന ഈ മിനിയേച്ചറുകൾ ഏറെ ആകർഷകമാണ്. മിനി ക്രിസ്മസ് മ്യൂസിക്കൽ ബോക്സുകൾ, സാന്റാ മോഡൽസ്, സാന്റാ ക്ലോസ് സ്റ്റിക്, ക്രിസ്മസ് റീത്തുകൾ, വിളക്കുകൾ, നക്ഷത്രങ്ങൾ തുടങ്ങി അനവധി നിരവധി അലങ്കാര വസ്തുക്കളും കളിപ്പാട്ടങ്ങളും വിപണിയിൽ കാണാൻ സാധിക്കും. കരകൗശലവസ്തുകളുടെതടക്കം വൈവിധ്യമാർന്ന ശേഖരം വിപണിയിലുണ്ട്. പത്തിൽ തുടങ്ങി 1000 രൂപ വരെയുള്ള അലങ്കാര വസ്തുക്കൾ കടകമ്പോളങ്ങളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.