മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിലെ അനിമൽ ബർത്ത് കൺട്രോൾ സെന്റർ
ആലപ്പുഴ: തെരുവുനായ് ശല്യത്തിന് ശാശ്വതപരിഹാരം കാണാനും വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമിച്ച അനിമൽ ബർത്ത് കൺട്രോൾ സെന്റർ (എ.ബി.സി സെന്റർ) വ്യാഴാഴ്ച നാടിന് സമർപ്പിക്കും.
രാവിലെ 10ന് കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രി അങ്കണത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്ററിന്റെ നിർമാണം. 840 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന കെട്ടിടം, അനുബന്ധസൗകര്യങ്ങൾക്ക് നിർമിച്ച ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയുണ്ട്.
ശസ്ത്രക്രിയ നടത്താനുള്ള തിയറ്റർ, പ്രീആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, മാലിന്യ നിർമാർജന സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയവരെ നടത്താനുള്ള സജ്ജീകരണമുണ്ട്.
ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, തിയറ്റർ സഹായി, ശുചീകരണ തൊഴിലാളി, നായ്പിടിത്ത സംഘം എന്നിവരെ നിയമിച്ചിട്ടുണ്ട്.
കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ് പ്രവർത്തനം. ആവാസവ്യവസ്ഥയിൽ മാറ്റം വരുത്താൻ പാടില്ലെന്ന നിർദേശത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കളെ കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും. ഇവയെ തിരിച്ചറിയാൻ ചെവിയിൽ അടയാളവും പതിപ്പിക്കും. പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.