ആലപ്പുഴ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ വില പൊതുസമൂഹം തിരിച്ചറിയണമെന്ന് രോഗമുക്തനായ മുതിർന്ന സി.പി.എം നേതാവും കെ.എസ്.ഡി.പി ചെയർമാനുമായ സി.ബി. ചന്ദ്രബാബു. രാജ്യത്ത് ആദ്യമായി കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത് ആറുമാസം പിന്നിടുന്ന വേളയിലാണ് കുടുംബത്തോടൊപ്പം അദ്ദേഹം മഹാമാരിയുടെ പിടിയിൽ അകപ്പെട്ടത്. കേരളമല്ലാതെ ഇത്രയും കരുതൽ നൽകുന്ന നാട് വേറെയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളിൽനിന്ന് ആരിലേക്കും രോഗം പകർന്നില്ലെന്നതാണ് ഏറ്റവും സന്തോഷം നൽകുന്നതെന്നും അദ്ദേഹം പറയുന്നു.
മരുമകനിൽനിന്നുള്ള സമ്പർക്കം വഴി രോഗബാധിതനായ ഒരുപാർട്ടി പ്രവർത്തകൻ വീട്ടിൽ എത്തിയതുവഴിയാണ് ചന്ദ്രബാബുവിന് കോവിഡ് പിടികൂടുന്നത്. ചന്ദ്രബാബുവും എറണാകുളം ഡി.എം.ഒ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ ഭാര്യ അജിതയും മെക്കാനിക്കൽ എൻജിനീയറായ മകൻ ഭരത് ചന്ദ്രനും ബി.എസ്സി കെമിസ്ട്രി കഴിഞ്ഞ് നിൽക്കുന്ന മകൾ ദേവികയും പരിശോധനക്ക് വിധേയമായി. ഫലം വന്നപ്പോൾ ഭാര്യയൊഴികെ എല്ലാവർക്കും പോസിറ്റിവ്. ലക്ഷണങ്ങൾ ഒന്നുമില്ലാത്തവർ എന്നനിലയിൽ കായംകുളത്തെ എൽമെക്സ് ആശുപത്രിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 10 ദിവസത്തെ നിരീക്ഷണത്തിനുശേഷം എല്ലാവരും ഡിസ്ചാർജായി.
ജില്ല മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിൽ തയാറാക്കിയ നോൺവെജ് അടക്കമുള്ള ഭക്ഷണം നാലുനേരം കൃത്യമായി എത്തും. വൃത്തിയുള്ള മുറികളും ശൗചാലയവും. ഒന്നിനും ഒരുകുറവുമില്ലാത്ത സംവിധാനം. താമസം, ഭക്ഷണം, പരിശോധനകൾ, യാത്ര തുടങ്ങിയ എല്ലാം സൗജന്യം. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ സൗകര്യങ്ങൾ നൽകുന്നതെന്നും ചന്ദ്രബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.