ആലപ്പുഴ: കുട്ടനാട് വികസനത്തിന് പലപ്പോഴായി പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാകാതിരിക്കെ വികസന ഏകോപന കൗൺസിൽ രൂപവത്കരണത്തിൽ നാടിന് പ്രതീക്ഷ. ഒന്നാം കുട്ടനാട് പാക്കേജിനടക്കം തിരിച്ചടികളുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഏകോപനത്തിന്റെ അഭാവമാണെന്ന് തിരിച്ചറിഞ്ഞാണ് പുതിയ സംവിധാനത്തിന് സർക്കാർ മുതിരുന്നത്.
കുട്ടനാട്ടിൽ സുസ്ഥിരകൃഷിയും കർഷകർക്ക് സ്ഥിരവരുമാനവും ഉറപ്പാക്കുന്നതിന് ഡോ. എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് കേന്ദ്രം അംഗീകരിക്കുന്നത് 2008 ജൂലൈ 24നാണ്. അത് വിജയകരമായി നടപ്പാകാഞ്ഞതിന് പ്രധാന കാരണം നാഥനില്ലായ്മയാണെന്ന് 2018ലെ പ്രളയത്തിനുശേഷം സ്വാമിനാഥൻതന്നെ തുറന്നുപറഞ്ഞിരുന്നു. ബഹിരാകാശ ദൗത്യങ്ങൾ നടപ്പാക്കുന്നതുപോലെ ഒരു മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ വേണം പാക്കേജ് നടത്തിപ്പെന്നാണ് കമീഷൻ നിർദേശിച്ചിരുന്നത്. എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനുള്ള അധികാരം ഡയറക്ടർക്കുണ്ടാകണമെന്നും നിഷ്കർഷിച്ചിരുന്നു. പക്ഷേ, അങ്ങനെയൊരു സംവിധാനം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആറുമാസത്തിലൊരിക്കൽ ചേരുന്ന പ്രധാന സമിതിയെക്കൂടാതെ മറ്റ് രണ്ട് സമിതികൾ കൂടിയുള്ള ത്രിതല സംവിധാനമാണിത്. ഭരണപരമായ തടസ്സം ഒഴിവാക്കൽ, പരസ്പര പൂരകമായി ആസൂത്രണം ചെയ്യൽ, ആവർത്തന സ്വഭാവമില്ലാതെയുള്ള പദ്ധതി നടപ്പാക്കൽ എന്നിവ കൗൺസിൽ ഉറപ്പുവരുത്തും. വകുപ്പുകൾ കൂടിയാലോചന നടത്തി പ്രവൃത്തികളുടെ മുൻഗണനാക്രമം നിശ്ചയിക്കും. അടിസ്ഥാനസൗകര്യ വികസനമടക്കം എല്ലാ കാര്യങ്ങളും കൗൺസിലിന്റെ മേൽനോട്ടത്തിലേ നടക്കൂവെന്ന് ഏകോപനസമിതി വൈസ് ചെയർമാൻകൂടിയായ മന്ത്രി പി. പ്രസാദ് പറഞ്ഞു.
കുട്ടനാട് വികസന പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിനുള്ള ഉപദേശം നൽകാൻ കൃഷിമന്ത്രി പി. പ്രസാദ് ചെയർമാനായ നിരീക്ഷണ-ഉപദേശകസമിതി, മുഖ്യമന്ത്രി ചെയർമാനായ വികസന ഏകോപന സമിതിയുടെ കീഴിലുണ്ടാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാർ, കലക്ടർമാർ, അഞ്ച് പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ നിരീക്ഷണ-ഉപദേശക സമിതിയിൽ അംഗങ്ങളായിരിക്കും. മൂന്നുമാസത്തിലൊരിക്കൽ കൗൺസിൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. വകുപ്പുകളുടെ ഏകോപനവും തീരുമാനവും ആവശ്യമുള്ളവ നിർദേശങ്ങളായി മുഖ്യമന്ത്രി ചെയർമാനായ സമിതിക്ക് ശിപാർശയായി സമർപ്പിക്കും.
ഓരോ ജില്ലക്കും ഓരോ നടത്തിപ്പ്- സാങ്കേതിക (ഇംപ്ലിമെന്റേഷൻ ആൻഡ് ടെക്നിക്കൽ) കമ്മിറ്റി രൂപവത്കരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരായിരിക്കും ചെയർമാൻമാർ. കലക്ടർ കൺവീനർ ആയിരിക്കും. മാസത്തിലൊരിക്കൽ യോഗം ചേർന്ന് റിപ്പോർട്ട് കൃഷിമന്ത്രി ചെയർമാനായ മോണിറ്ററിങ് ആൻഡ് അഡ്വൈസറി കൗൺസിലിന് സമർപ്പിക്കും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ആദ്യമായാണ് ഇത്രയും വിപുലമായ സംവിധാനങ്ങളൊരുങ്ങുന്നത്. ഒരു പ്രദേശത്തിനുമാത്രമായി 10 മന്ത്രിമാരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കുന്നതും ആദ്യമായാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.