ആലപ്പുഴ: വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയമുറ്റത്തേക്ക് അവർ ഒരുവട്ടംകൂടിയെത്തുന്നു.ബ്ലാക്ക് ബോർഡ് പഠനരീതിയിൽനിന്ന് വഴിമാറി പുതുകാലത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ‘ഇ-സ്കൂൾയാത്ര’. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10വരെ കുടുംബശ്രീ നേതൃത്വത്തിൽ ‘തിരികെ സ്കൂളിൽ’ പദ്ധതിയുടെ ഭാഗമായാണ് പ്രായഭേദമന്യേയുള്ള വനിതകൾ കൂട്ടത്തോടെ അക്ഷരമുറ്റത്തേക്ക് വീണ്ടുമെത്തുന്നത്.
പഠനകാലത്തെ ഓർമകൾക്ക് വർണമേകാൻ സ്കൂൾബാഗും ചോറ്റുപാത്രവും യൂനിഫോമും ഒക്കെ ധരിച്ചാകും ക്ലാസിലെത്തുക. സംസ്ഥാനത്ത് 46 ലക്ഷം പേരാണ് ഇതിന്റെ ഭാഗമാകുന്നത്. ജില്ലയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ നാലുലക്ഷം വനിതകൾ പഠിതാക്കളായെത്തും. പുതിയ സാങ്കേതികവിദ്യയായ ഫേസ്ബുക്ക്, വാട്സ്ആപ്, ടിറ്റ്വർ അടക്കമുള്ള ഡിജിറ്റൽകാലത്തെ അറിവുകൾ സ്വായത്തമാക്കാൻ കൈയിൽ സ്മാർട്ട്ഫോണും ഇയർഫോണും കരുതണമെന്ന നിർദേശവുമുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോടെ ശനി, ഞായർ അവധി ദിവസങ്ങളിൽ വീടിനു സമീപത്തെ സ്കൂളുകളിലാകും ക്ലാസുകൾ. ഇതിനായി മുന്നൂറിലധികം സ്കൂളുകൾ സജ്ജമാക്കും.
പതിവുരീതികൾ തെറ്റിക്കാതെ രാവിലെ 9.30ന് സ്കൂൾമുറ്റത്ത് അസംബ്ലിയോടെയാണ് തുടക്കം. കുടുംബശ്രീയുടെ മുദ്രാഗീതം പാടും. രാവിലെ മൂന്നും ഉച്ചക്ക് രണ്ടും അടക്കം അഞ്ച് പീരിയഡുകളുണ്ടാകും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചക്ക് ഒന്ന് മുതൽ 1.45 വരെ ഉച്ചഭക്ഷണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനൊപ്പം കലാവതരണങ്ങളുമുണ്ടാകും. വൈകീട്ട് 4.30ന് ക്ലാസ് അവസാനിക്കുന്ന വിധമാണ് പഠനപ്രക്രിയ.
ഉച്ചഭക്ഷണം, കുടിവെള്ളം, ബിസ്കറ്റ് അടക്കമുള്ള ലഘുഭക്ഷണം എന്നിവ സ്കൂൾ ബാഗിലാക്കി കൊണ്ടുവരണം. ഇതിന് മക്കളുടെ സ്കൂൾ ബാഗ് ഉപയോഗിക്കാനാണ് നിർദേശം. അതത് അയൽക്കൂട്ടങ്ങളിലെ യൂനിഫോമാണ് നിശ്ചയിച്ചിരിക്കുന്നത്. സംഘശക്തി അനുഭവപാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനങ്ങൾ കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.
സി.ഡി.എസ് തലത്തിൽ പരിശീലനം ലഭിച്ച 10 മുതൽ 15 വരെയുള്ള അധ്യാപകർ ക്ലാസെടുക്കും. ഒരുസ്കൂളിൽ പരമാവധി 12 മുതൽ 15വരെ ക്ലാസ് മുറികൾ ഉപയോഗിക്കും. ഒരുക്ലാസ് മുറിയിൽ മൂന്ന് അയൽക്കൂട്ടങ്ങൾ കണക്കാക്കി പരമാവധി 50 പേരുണ്ടാവും. ഒരു അയൽക്കൂട്ടത്തിന് ഒരുദിവസം മാത്രമായിരിക്കും പഠനം. കാൽനൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ജില്ലതല ഉദ്ഘാടനത്തിനൊപ്പം ഹരിതചട്ടം പാലിച്ച് പ്രദേശത്തെ സ്കൂളുകൾ അലങ്കരിച്ച് പ്രവേശനോത്സവവും മധുരപലഹാര വിതരണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.