ആലപ്പുഴ: പുന്നപ്രയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 16 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭക്ഷ്യ വിഷബാധയെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഛർദിലും വയറുവേദനയും അനുഭവപ്പെട്ട പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുന്നപ്ര നോർത്ത് എച്ച്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ച് സാമ്പിളുകൾ പരിശോധനക്കെടുത്തു. ചോറും സാമ്പാറും അവിയലും കൂട്ടിയുള്ള ഉച്ചഭക്ഷണം കഴിച്ച പ്ലസ് ടുവിനും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് നാലിനുശേഷം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
260 കുട്ടികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിച്ചുവെന്നും ഇവരിൽ കുറച്ചുപേർക്ക് മാത്രമാണ് പ്രശ്നമുണ്ടായതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള സ്കൂളിൽ ഭക്ഷ്യവിഷബാധ മിക്കവാറും ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.കുട്ടികൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കലക്ടർ ഹരിത. വി. കുമാർ ആശുപത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.