ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ വ്യാജരേഖയുണ്ടാക്കി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിന് പിന്നിൽ പ്രവർത്തിച്ചത് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ സംഘം. നഗരസഭ അധികൃതർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങി. അസസ്മെന്റ് രജിസ്റ്റർ തിരുത്താനും നികുതിയടക്കാനും ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ കഴിയില്ല. രണ്ട് കെട്ടിടത്തിന് നമ്പർ അനുവദിച്ചതിലെ ക്രമക്കേടാണ് പുറത്തുവന്നത്. ക്രമക്കേടിനെപ്പറ്റി നഗരസഭ ആഭ്യന്തര സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഓഫിസർ, നഗരസഭ എൻജിനീയർ, അസി. എൻജിനീയർ എന്നിവരടങ്ങിയതാണ് സമിതി. ഉദ്യോഗസ്ഥർക്ക് പുറമെ മറ്റാരെങ്കിലും ക്രമക്കേട് നടത്തിയവർക്ക് സഹായം നൽകിയോയെന്നത് വിശദ അന്വേഷണത്തിലേ പുറത്തുവരൂ.
2018ലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തിയത്. ശ്രദ്ധയിൽപെട്ടത് മൂന്നുമാസം മുമ്പാണ്. നഗരത്തിൽ മുല്ലക്കൽ വാർഡിലുള്ള കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയതാണ് ആദ്യം ശ്രദ്ധയിൽ വന്നത്. സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. മറ്റൊരു അപേക്ഷക്ക് നൽകിയ ഫയൽ നമ്പർ ഇതിൽ ചേർത്താണ് ക്രമക്കേട് നടത്തിയത്. ഈ സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് നഗരസഭ അധ്യക്ഷ സൗമ്യ രാജ് പരാതി നൽകി.
നഗരസഭ അധികൃതർ നടത്തിയ തുടരന്വേഷണത്തിൽ അടുത്തിടെയാണു മറ്റൊരു ക്രമക്കേട് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ വാർഡിലുള്ള കെട്ടിടത്തിന് അനധികൃതമായി അനുമതി നൽകിയതാണിത്.
ഇതിൽ വൺഡേ പെർമിറ്റിനുള്ള അപേക്ഷയുടെ നമ്പറാണ് ദുരുപയോഗം ചെയ്തതെന്ന് ബോധ്യപ്പെട്ടു. 2018ൽ ജോലിചെയ്തിരുന്നവരിൽ പലരും സ്ഥാനക്കയറ്റം ലഭിച്ചോ വിരമിച്ചോ പോയി. സ്ഥലംമാറിപ്പോയ സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കൈയൊപ്പല്ല ബന്ധപ്പെട്ട രേഖകളിലുള്ളതെന്ന് വ്യക്തമായത്.
അസസ്മെന്റ് രജിസ്റ്റർ മറ്റാവശ്യങ്ങൾക്കായി ഇപ്പോഴത്തെ നഗരസഭ സൂപ്രണ്ട് പരിശോധിച്ചപ്പോൾ ചിലയിടത്ത് കൈയക്ഷരത്തിൽ കണ്ട വ്യാത്യാസമാണ് ക്രമക്കേടിലേക്ക് വെളിച്ചംവീശിയത്. എൻജിനീയറിങ് വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ അവർ പെർമിറ്റ് കൊടുത്തിട്ടില്ലെന്ന റിപ്പോർട്ടും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.