ഹരിപ്പാട്: തീരദേശവും അപ്പർകുട്ടനാടൻ മേഖലയും ഉൾപ്പെടുന്ന ഹരിപ്പാട് മണ്ഡലത്തിൽ മാലിന്യ സംസ്കരണം പ്രധാന പ്രശ്നമാണ്. പദ്ധതികളും പരിഹാരങ്ങളും ഏറെ വന്നിട്ടും മാലിന്യ സംസ്കരണം പ്രധാന കീറാമുട്ടിയായി നിലനിൽക്കുന്നു. പ്രശ്നപരിഹാരത്തിനായി തുലച്ച് കളയുന്നത് ലക്ഷങ്ങളും കോടികളുമാണ്. പദ്ധതി നിർവഹണം മുറക്ക് നടക്കുന്നതല്ലാതെ ഇതൊന്നും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നില്ല.
ജലശയങ്ങളടക്കം പൊതു ഇടങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നത് തടയാൻ ഇനിയും കഴിഞ്ഞിട്ടില്ല. മാലിന്യ നിക്ഷേപ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്ന സാഹചര്യമുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം എല്ലായിടത്തും മെച്ചപ്പെട്ട രീതിയിൽ നടക്കുന്നതാണ് ആകെയുള്ള ആശ്വാസം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ചേപ്പാട്, പള്ളിപ്പാട്, കരുവാറ്റ, ചെറുതന, ചിങ്ങോലി, കുമാരപുരം, മുതുകുളം എന്നീ പഞ്ചായത്തുകളും ഹരിപ്പാട് നഗരസഭയും ഉൾപ്പെടുന്നതാണ് ഹരിപ്പാട് മണ്ഡലം.
ജൈവ മാലിന്യ സംസ്കരണത്തിന് ആവിഷ്കരിച്ച തുമ്പൂർ മുഴി മാതൃക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലും നടപ്പിൽ വരുത്തിയെങ്കിലും ഇതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല.
വായുനിർഗമനത്തിന്റെയും ചാണകത്തിലെ സൂക്ഷ്മജീവികളുടെയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി. ഹരിത വാതകങ്ങൾ ഏറ്റവും കുറവ് ബഹിർഗമിപ്പിക്കുന്നു. ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളെയും നശിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദവുമാണ്.
ഇത്തരത്തിൽ ലളിതമായ രീതിയിൽ ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഈ പ്ലാന്റുകളിൽ നാമ മാത്രമായതൊഴിച്ചാൽ ബാക്കിയെല്ലാം വർഷങ്ങളയി നോക്കുകുത്തിയാണ്. ഇവ ഉപയോഗപ്പെടുത്താനുള്ള പരിശ്രമം തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾ നടത്തിയില്ല.
ഒരു പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷങ്ങൾ ചെലവ് വരും. ഇത്തരത്തിലുള്ള അഞ്ചും അതിലധികവും പ്ലാന്റുകൾ ഒരു പഞ്ചായത്തിൽ തന്നെ പരീക്ഷണടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മുൻപഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് പ്രധാനമായും പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്ത് ഓഫിസുകളുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാന്റുപോലും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. കാർത്തികപ്പള്ളി പഞ്ചായത്ത് ഇതിന് തെളിവാണ്.
പഞ്ചായത്ത് ഓഫിസിന്റെ ഏതാനും വാര അകലെ നാലുകൊല്ലം മുമ്പ് സ്ഥാപിച്ച പ്ലാന്റ് ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ല. ഹരിപ്പാട് നഗരസഭ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങി മറ്റു പഞ്ചായത്തുകളിലെയും അവസ്ഥ സമാനമാണ്. ഹരിപ്പാട് നഗരത്തിലും ചേപ്പാട് പഞ്ചായത്ത് ഓഫിസ് വളപ്പിലും സ്ഥാപിച്ചിട്ടുള്ള പ്ലാന്റുകളാണ് പേരിനെങ്കിലും പ്രവർത്തിക്കുന്നത്.
പല വാർഡുകളിലും പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് എന്തിനാണ് കെട്ടിയുണ്ടാക്കിയതെന്ന് ഇനിയും ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ചിലയിടങ്ങളിൽ ഹരിത കർമസേന സംഭരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങളായി പ്ലാന്റുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഹരിതകർമസേനയുടെ പ്രവർത്തനം മണ്ഡലത്തിലും ആശ്വാസകരമാണ്.
ഇപ്പോൾ മാലിന്യ ശേഖരണത്തിൽ മാത്രം അവരുടെ പ്രവർത്തനം ഒതുങ്ങിപ്പോകുന്നു. ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ മിനി മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഹരിപ്പാട് നഗരസഭയിൽ നിന്നും സംഭരിക്കുന്ന മാലിന്യങ്ങൾ തരം തിരിക്കാനായി ഡാണാപ്പടി മാർക്കറ്റിലുള്ള സംഭരണ കേന്ദ്രത്തിലാണ് എത്തിക്കുന്നത്.
സ്ഥലപരിമിതിമൂലം തൊഴിലാളികൾ പ്രയാസപ്പെടുകയാണ്. സംഭരണ ശാലയും കവിഞ്ഞ് മലപോലെ പുറത്തും അജൈവ മാലിന്യം നിറച്ച ചാക്കുകെട്ടുകൾ കൂടികിടക്കുന്നു. തൃക്കുന്നപ്പുഴ പല്ലന ലക്ഷ്മിത്തോപ്പിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം അത്ര കാര്യക്ഷമമല്ല.
സമാനമായ അവസ്ഥതന്നെയാണ് മറ്റു തദ്ദേശ സ്ഥാപനങ്ങളും നേരിടുന്നത്. ഓരോ മാസം കഴിയുന്തോറും ശേഖരിക്കുന്ന മാലിന്യങ്ങളുടെ അളവ് വൻതോതിൽ വർധിക്കുന്നു. ഇത് സംസ്കരിക്കാനും വേർതിരിക്കാനുമുള്ള സൗകര്യം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.