ആലപ്പുഴ: അവധി ആഘോഷിക്കാൻ ആലപ്പുഴയിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. കായൽക്കാഴ്ചകൾ കാണാനുള്ള തിരക്കാണ് ഏറെ. മുൻകൂട്ടി ബുക്ക് ചെയ്തവർക്കുപോലും ഹൗസ്ബോട്ട് കിട്ടാത്ത സ്ഥിതിയാണ്. പുന്നമട ഫിനിഷിങ് പോയന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആഭ്യന്തര സഞ്ചാരികളുമാണ് കൂടുതലായും എത്തുന്നത്. ഇതിനിടെ, ഹൗസ്ബോട്ടുകൾ നിരക്ക് കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇക്കുറി വൻവർധനയാണ്. മധ്യവേനൽ അവധി ആഘോഷമാക്കാനെത്തുന്നവരുടെ എണ്ണമാണ് കൂടിയത്. സഞ്ചാരികൾ ഒഴുകിയെത്തുന്നതോടെ പല ബോട്ടുകളിലും തോന്നിയ നിരക്ക് ഈടാക്കുന്നു.
സഞ്ചാരികളുടെ തിരക്കിൽ ജല ഗതാഗതവകുപ്പിന്റെ ബോട്ടുകളും നിറഞ്ഞു. പാസഞ്ചർ കം ടൂറിസ്റ്റ് സർവിസായി നടത്തുന്ന ‘സീ കുട്ടനാട്’ ബോട്ടിലാണ് തിരക്ക് ഏറെ. ഇരുനില ബോട്ടിന്റെ മുകളിലത്തെ 30 സീറ്റ് വിനോദസഞ്ചാരികൾക്കാണ്. താഴത്തെ നിലയിൽ യാത്രക്കാർക്കായി 60 സീറ്റുമുണ്ട്.
ആലപ്പുഴ-പുന്നമട-വേമ്പനാട് കായൽ, പാണ്ടിശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തി വഴി ആലപ്പുഴയിലേക്കുമാണ് യാത്ര. പുലർച്ച 5.30 ന് സർവിസ് തുടങ്ങും.
രണ്ടുമണിക്കൂർ നീളുന്ന യാത്രക്ക് മുകൾ നിലക്ക് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ), താഴത്തെ നിലയിൽ 46 രൂപയുമാണ് (ഒരുവശത്തേക്ക് 23 രൂപ) നിരക്ക്. സഞ്ചാരികൾക്കായി ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സർവിസ്.
കുട്ടനാടൻ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വേഗ 2 എ.സി ബോട്ടിലും വൻതിരക്കാണ്. അവധിമുന്നിൽ കണ്ട് ആളുകൾ വരുംദിവസങ്ങളിലും ബുക്കിങ് നടത്തിയതിനാൽ സീറ്റില്ല. രാവിലെ 11ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.45ന് തിരിച്ചെത്തും.
പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്, കുമരകം പക്ഷിസങ്കേത കേന്ദ്രം, ആർ. ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി. ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം എന്നിവിടങ്ങളിലൂടെയാണ് തിരിച്ചുള്ള യാത്ര. എ.സിക്ക് സീറ്റൊന്നിന് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ് നിരക്ക്. കുടുംബശ്രീയുടെ ഉച്ചഭക്ഷണവും ലഭിക്കും.
ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസസൗകര്യവും ലഭിക്കാത്ത സ്ഥിതിയാണ്. കുറഞ്ഞ ചെലവിൽ കായൽക്കാഴ്ചകൾ കാണാമെന്നതിനാൽ ജല ഗതാഗതവകുപ്പിന്റെ ബോട്ടുകളെയാണ് സഞ്ചാരികൾ കൂടുതലായും ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.