ആലപ്പുഴ: അസംഘടിത തൊഴിലാളികൾക്ക് ഏകീകൃത നമ്പറും തിരിച്ചറിയൽ കാർഡും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പദ്ധതിയിൽ ചേരുന്നതിന് രജിസ്ട്രേഷൻ കടമ്പ.വിവിധ സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ ആനുകൂല്യം നൽകാൻ ലക്ഷ്യമിട്ടാണ് കാർഡും നമ്പറും നൽകുന്നത്. പദ്ധതി തുടങ്ങി ഇതിനോടകം 4.92 കോടി പേർക്ക് മാത്രമാണ് രാജ്യത്താകെ രജിസ്ട്രേഷൻ പൂർത്തിയാക്കാനായത്. ആകെ രജിസ്റ്റർ ചെയ്യേണ്ടവരുടെ 13 ശതമാനത്തിൽ താഴെയാണിത്. 38 കോടി തൊഴിലാളികൾ അസംഘടിത മേഖലയിലുണ്ടെന്നാണ് കണക്ക് .
ഡിസംബർ 31 വരെയാണ് സമയ പരിധി. ഇതിനകം 33 കോടി പേരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ആശങ്ക. കേരളം രജിസ്ട്രേഷനിൽ പതിനെട്ടാമതാണ്. 1.78 ലക്ഷം പേരുടെ മാത്രം രജിസ്ട്രേഷനാണ് ഇവിടെ പൂർത്തിയായിട്ടുള്ളത്. രജിസ്ട്രേഷൻ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിച്ച് തുടങ്ങിയെങ്കിലും പോർട്ടൽ തകരാർ പ്രതിസന്ധിയാകുകയായിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പുകൾ മുടങ്ങുന്നതിലാണ് ഇത് കലാശിച്ചത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ ഇ-ശ്രം പോർട്ടലിലെ തകരാർ പരിഹരിക്കാതെ ക്യാമ്പുകൾ സംഘടിപ്പിച്ചതാണ് വിനയായത്. ഒരുദിവസം മുഴുവൻ കാത്തിരുന്നാലും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാനാകുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതു സേവന കേന്ദ്രങ്ങളുമായി ചേർന്നാണ് രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തുന്നത്. അക്ഷയ കേന്ദ്രങ്ങൾക്കുൾെപ്പടെ പൊതുസേവന കേന്ദ്രങ്ങൾക്ക് ഇ-ശ്രം പോർട്ടലിൽ പ്രത്യേകം ലോഗിൻ സൗകര്യമുണ്ട്. അതുവഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. പോർട്ടൽ സജ്ജമാക്കിയത് മുതൽ തുടരുന്ന ലോഗിൻ സംവിധാനത്തിലെ തകരാർ പൂർണമായി പരിഹരിക്കാൻ ഇനിയുമായിട്ടില്ല. ഇതോടെ നൂറുകണക്കിന് തൊഴിലാളികളാണ് കാത്തുനിന്ന് മടങ്ങുന്നത്.
വീട്ടുജോലിക്കാർ, കർഷക തൊഴിലാളികൾ,ആശാരിമാർ, തെരുവ് കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ളവർക്കെല്ലാം രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷയുമുണ്ടാകും. അപകട മരണത്തിന് രണ്ട് ലക്ഷവും പൂർണ ശാരീരിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയുമാണ് പരിരക്ഷ. സർക്കാറിെൻറ വിവിധ തൊഴിൽ നൈപുണ്യപരിശീലന പരിപാടികളിൽ പങ്കെടുക്കാനും തൊഴിൽ നേടാനും രജിസ്റ്റർ ചെയ്ത തൊഴിലാളിക്ക് സാധിക്കും. 16 മുതൽ 59 വയസ്സുവരെയുള്ള എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്, ഇ.എസ്.ഐ ആനുകൂല്യമില്ലാത്ത വരുമാന നികുതി അടക്കാത്ത മുഴുവൻ തൊഴിലാളിക്കും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.