ആലപ്പുഴ: പ്രതിസന്ധിയിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടപ്രഹരമായി മണ്ണെണ്ണവില വർധന. റേഷൻ മണ്ണെണ്ണ വില ഒറ്റയടിക്ക് എട്ടുരൂപയാണ് വർധിച്ചത്. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളുടെ കാരിയറുകളുമാണ് പ്രധാനമായും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത്. മണ്ണെണ്ണ വില കൂടിയതോടെ പരമ്പരാഗത തൊഴിൽമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
മത്സ്യഫെഡിെൻറ പമ്പുകളും പൊതുവിതരണവകുപ്പ് ഡിപ്പോകളും വഴിയാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടുന്നത്. മത്സ്യഫെഡ് ലിറ്ററിന് 25 രൂപ സബ്സിഡി നിരക്കിൽ മാസം 140 ലിറ്റർ നൽകും. വ്യാഴാഴ്ച മത്സ്യഫെഡിെൻറ വളഞ്ഞവഴിയിലെ പമ്പിൽ 106.99 രൂപയായിരുന്നു ഒരുലിറ്റർ മണ്ണെണ്ണയുടെ വില. പൊതുവിതരണവകുപ്പിെൻറ ഡിപ്പോയിൽ ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി. സർക്കാർ അനുവദിക്കുന്നതനുസരിച്ച് മാസത്തിൽ പരമാവധി 120 ലിറ്റർ മണ്ണെണ്ണയാണ് ഡിപ്പോകൾ വഴി ലഭിക്കുന്നത്. സബ്സിഡിനിരക്കിലുള്ള മത്സ്യഫെഡിെൻറ മണ്ണെണ്ണ വാങ്ങാൻ മുഴുവൻ പണവും ഉടൻ നൽകണം. സബ്സിഡി പിന്നീട് അക്കൗണ്ടിലെത്തും. മൂന്നുമാസത്തെ സബ്സിഡിയാകെട്ട കുടിശ്ശികയുമാണ്. പൊതുവിതരണവകുപ്പും മത്സ്യഫെഡും വഴി പരമാവധി 260 ലിറ്റർ മണ്ണെണ്ണയാണ് ഒരുമാസം ലഭിക്കുക. അഞ്ചുപേർ കയറുന്ന വള്ളത്തിന് ഒരുമാസത്തേക്ക് ഇരട്ടിയിലേറെ മണ്ണെണ്ണ വേണം. ലിറ്ററിന് 95 രൂപയാണ് കരിഞ്ചന്തവില.
മാസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയും കടലേറ്റവും മത്സ്യമേഖലയിലെ തൊഴിൽദിനങ്ങൾ കുറച്ചു. കിട്ടുന്ന മീനിനു വിലയുമില്ല. കടലിൽപ്പോയാൽ ഇന്ധനച്ചെലവുപോലും കിട്ടാതെ മടങ്ങേണ്ട സ്ഥിതി സംജാതമായിരിക്കെ മണ്ണെണ്ണവിലയിലുണ്ടായ വർധന തൊഴിലാളികളെ നിൽക്കകള്ളിയില്ലാത്ത അവസ്ഥയിലാണ് എത്തിച്ചിട്ടുള്ളത്്. മണ്ണെണ്ണവിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. മത്സ്യബന്ധനത്തിന് സബ്സിഡിയോടുകൂടി മണ്ണെണ്ണ ക്വാട്ട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഒൻപതിന് ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്, ജനറൽ സെക്രട്ടറി ടി. രഘുവരൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.