ആ​ല​പ്പു​ഴ​ കൊ​മ്മാ​ടി ജ​ങ്​​ഷ​നി​ൽ ബൈ​പാ​സ്​ റൈ​ഡ​ർ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്ന

കെ.​എ​സ്.​ആ​ർ.​ടി.​സി ഫീ​ഡ​ർ സ്​​റ്റേ​ഷ​നിൽ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.എൽ.എ

കെ.എസ്.ആർ.ടി.സി ബൈപാസ് റൈഡർ: ആലപ്പുഴയിൽ ഫീഡർ സ്റ്റേഷൻ തുറന്നു

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ അതിവേഗ സർവിസായ 'ബൈപാസ് റൈഡർ' യാത്രക്കാർക്കായി ആലപ്പുഴയിലും ചേർത്തലയിലും ഫീഡർ സ്റ്റേഷനുകൾ തുറന്നു. ജില്ലയിൽ രണ്ടിടത്താണ് സ്റ്റേഷനുള്ളത്. ആലപ്പുഴ ബൈപാസിന് സമീപം കൊമ്മാടി ജങ്ഷനിലും ചേർത്തല എക്സ്റേ ജങ്ഷനിലുമാണ് സ്റ്റോപ്പുകൾ. തിരുവനന്തപുരത്തുനിന്ന് ബംഗളൂരു, കോഴിക്കോട്, പാലക്കാട് മേഖലയിലേക്കും തിരിച്ചും കേരളത്തിലെ ബൈപാസുകളെ മാത്രം ആശ്രയിച്ച് ഓടുന്ന ദീർഘദൂര സർവിസുകളാണ് ബൈപാസ് റൈഡർ. രാത്രിയാത്രക്ക് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവർക്ക് ഇത് പ്രയോജനപ്രദമാണ്.

ബസുകൾ നിർത്തുന്ന ഫീഡർ സ്റ്റേഷനുകളിലെത്താൻ ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽനിന്ന് വിവിധസ്ഥലങ്ങളെ കോർത്തിണക്കി കെ.എസ്.ആർ.ടി.സി കണക്ടിവിറ്റി ഫീഡർ സർവിസുകൾ ആരംഭിച്ചു. പഴയ ജനുറം ലോഫ്ലോർ ബസുകൾ പെയിന്‍റടിച്ച് രൂപമാറ്റം വരുത്തിയാണ് ആലപ്പുഴവഴി സർവിസ് നടത്തുന്ന റൈഡറി‍െൻറ കാത്തിരിപ്പുകേന്ദ്രം ഒരുക്കിയിട്ടുള്ളത്. ചുവപ്പും വെള്ളയും ഇടകലർന്ന നിറത്തിൽ ദേശീയപാതയോരത്തെ ആകർഷകമായ സ്റ്റോപ്പിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമുണ്ട്. തിരുവനന്തപുരം, കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, ചേർത്തല, ആലുവ, ചാലക്കുടി അടക്കമുള്ള ബൈപാസ് പാതയോരത്താണ് ഫീഡർ സ്റ്റേഷനുള്ളത്.

ആലപ്പുഴ കൊമ്മാടി ജങ്ഷനിൽ ഫീഡർ സ്റ്റേഷൻ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അശോക് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ മോനിഷ ശ്യാം, ഹെലൻ ഫെർണാണ്ടസ്, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരായ പി. രഞ്ജിത്ത്, തൃദീപ് കുമാർ, അസി. ഡിപ്പോ എൻജിനീയർ റെജിമോൻ, ജീവനക്കാരായ പി. ഹരികുമാർ, ജയദൻ, ഷാനിദ് അഹമ്മദ്, കെ.ജെ. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

നഗരം ചുറ്റാൻ മൂന്ന് ബസുകൾ

24 മണിക്കൂറും പ്രവർത്തിക്കുന്ന കൊമ്മാടിയിലെ ഫീഡർ സ്റ്റേഷനിലേക്ക് ആലപ്പുഴ ഡിപ്പോയിൽനിന്ന് മൂന്ന് ബസുകളാണ് ഫീഡർ സർവിസുകൾ നടത്തുന്നത്. ഫീഡർ സ്റ്റേഷനുകളിൽനിന്ന് ബസ്സ്റ്റാൻഡിലും സമീപത്തെ പ്രധാന സ്റ്റോപ്പുകളിലും യാത്രക്കാരെ എത്തിക്കാനും ടിക്കറ്റ് ബുക്ക് ചെയ്തവരെ റൈഡറിൽ കയറ്റാനുമാണ് സർവിസ്. ആലപ്പുഴ കെ.എസ്.ആർ.ടി.സി, ജനറൽ ആശുപത്രി, കലക്ടറേറ്റ്, ശവക്കോട്ടപ്പാലം, കൊമ്മാടി, കലവൂർ എന്നീ റൂട്ടുകളിലൂടെയാണ് ഓടുന്നത്. അരമണിക്കൂർ ഇടവിട്ട് സർവിസുണ്ടാകും. ഫീഡർ ബസുകളിൽ റിസർവേഷൻ ടിക്കറ്റുള്ളവർക്ക് യാത്ര സൗജന്യമാണ്. കൂടുതൽ ദീർഘദൂര സർവിസുകൾ എത്തുന്നതോടെ ഫീഡർ സ്റ്റേഷനുകളിൽനിന്ന് ടിക്കറ്റ് റിസർവേഷൻ സൗകര്യം അടക്കമുള്ള സേവനങ്ങളും ലഭിക്കും. ജില്ലയിൽ കായംകുളം, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല വഴിയാണ് റൈഡർ സർവിസ്. കായംകുളത്തും ഹരിപ്പാടും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ ദേശീയപാതത്താണ്. ഇതിനാൽ സമയനഷ്ടമുണ്ടാകില്ല. ബൈപാസ് റൈഡർ നിർത്തുന്ന സ്ഥലങ്ങളുടെ സമയവും വിവരവും യാത്രക്കാരെ അറിയിക്കാൻ ഡിപ്പോയിൽ സംവിധാനമുണ്ട്.

സമയം ലാഭിക്കാം; ചുറ്റിക്കറക്കവും

ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ കയറാതെ ബൈപാസിലൂടെ സഞ്ചരിക്കുന്നതിനാൽ ചുരുങ്ങിയത് 15 മുതൽ 25 മിനിറ്റുവരെ ലാഭിക്കാം. ഇതിനൊപ്പം നഗരത്തിലെ കുരുക്കിൽപെടാതെ സഞ്ചരിക്കാനും സാധിക്കും. തിരുവനന്തപുരം റൂട്ടിൽനിന്ന് വരുന്ന സൂപ്പർഫാസ്റ്റ് അടക്കമുള്ള സാധാരണ കെ.എസ്.ആർ.ടി.സി ബസുകൾ ബൈപാസ് കയറാതെ കളർകോട്-തിരുവമ്പാടി റൂട്ടിലൂടെ സ്റ്റാൻഡിലെത്തി കൊമ്മാടിയിലെത്തുമ്പോൾ ചുരുങ്ങിയത് 30 മിനിറ്റാണ് നഷ്ടമാകുന്നത്. അതേസമയം, കളർകോട് ബൈപാസിൽനിന്ന് നേരെപോയാൽ എട്ടുമിനിറ്റിനകം കൊമ്മാടിയിലെത്താം. തിരുവനന്തപുരം-കോഴിക്കോട്‌ റൂട്ടിൽ നിലവിലുള്ളതിനെക്കാൾ സമയത്തിൽ രണ്ടുമണിക്കൂർ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കാത്തുനിൽക്കേണ്ട; വിശ്രമിക്കാം

രാത്രികാല ആനവണ്ടി യാത്രക്കാർക്ക് സ്റ്റോപ്പുകളിൽ കാത്തുനിൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. കൊമ്മാടി ജങ്ഷനിൽ ഉപയോഗശൂന്യമായ രണ്ട് ജനുറം ബസുകൾ രൂപമാറ്റം വരുത്തിയാണ് സ്റ്റോപ് ഒരുക്കിയിട്ടുളളത്. ഇവിടെ വൈദ്യുതിയടക്കമുള്ള സൗകര്യമുണ്ട്. വിശ്രമിക്കാൻ സീറ്റുകൾ, ലൈറ്റ്, ഫാൻ എന്നിവയുമുണ്ട്. ശുചിമുറി സൗകര്യമില്ലാത്തത് യാത്രക്കാരെ വലക്കും. ഇതിന് പരിഹാരമായി കൊമ്മാടി ജങ്ഷനിൽ ബയോടോയ്ലെറ്റുകൾ സ്ഥാപിക്കാനും നീക്കമുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി പൊലീസ് പട്രോളിങ് സംവിധാനവും ഏർപ്പെടുത്തും.

Tags:    
News Summary - KSRTC Bypass Rider: Feeder station opened at Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.