ആലപ്പുഴ: വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയമുറ്റത്ത് വീണ്ടും ഒത്തുകൂടലിന് അവസരമൊരുക്കിയ കുടുംബശ്രീയുടെ ‘തിരികെ സ്കൂൾ’ കാമ്പയിനിൽ ജില്ലയിൽ ഇതുവരെ പങ്കെടുത്തത് 2,65,907 വനിതകൾ. ആകെയുള്ള 3,20,681 അംഗങ്ങളിൽ 82.92 ശതമാനം വനിതകളും ക്ലാസിലെത്തി. അയൽക്കൂട്ടങ്ങളിൽ 98.57 ശതമാനം അംഗങ്ങളും പഠിതാക്കളായി.
ആകെയുള്ള 25,600 അയൽക്കൂട്ടങ്ങളിൽ 25,235 എണ്ണവും സ്കൂൾമുറ്റത്ത് മടങ്ങിയെത്തി. ഡിസംബർ 11ന് അവസാനിക്കേണ്ട ക്യാമ്പയിൻ 31വരെ നീട്ടിയിട്ടുണ്ട്. ഇനി അവശേഷിക്കുന്ന ക്ലാസുകളിലേക്ക് കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ജില്ലയിലെ 80 സി.ഡി.എസുകളിൽ 33 എണ്ണവും നൂറുശതമാനം പൂർത്തിയാക്കി. 35 സി.സി.എസുകൾ 90-99 ശതമാനവും ബാക്കിയുള്ളവ 80ന് മുകളിലുമാണ് പങ്കാളിത്തമുണ്ടായത്. ഏറ്റവും കുറവ് ആളുകളെത്തിയത് നീലംപേരൂർ സി.ഡി.എസാണ്. അമ്പലപ്പുഴ, ഹരിപ്പാട്, കാർത്തികപ്പള്ളി, ചെറുതന, കായകുളം, ആലപ്പുഴ നോർത്ത്, ആറാട്ടുപുഴ, നെടുമുടി, വീയപുരം, പട്ടണക്കാട്, ചേന്നംപള്ളിപ്പുറം എന്നിവിടങ്ങളിലാണ് നൂറുശതമാനം പങ്കാളിത്തമുണ്ടായത്.
വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിലെ പഠനം ടൈംടേബിളിലൂടെയാണ്. അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ അതത് സി.ഡി.എസിന് കീഴിലെ ഒരുവിദ്യാലയത്തിൽ പഠിക്കാനായി എത്തും. രാവിലെ 9.30ന് സ്കൂൾമുറ്റത്ത് അസംബ്ലിയോടെയാണ് തുടക്കം. കുടുംബശ്രീയുടെ മുദ്രാഗീതം പാടും.രാവിലെ മൂന്നും ഉച്ചക്ക് രണ്ടും പീരിഡുകളുണ്ടാകും. ഓരോ പീരിഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചക്ക് ഒന്ന് മുതൽ 1.45 വരെ ഉച്ചഭക്ഷണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനൊപ്പം കലാവതരണങ്ങളുമുണ്ടാകും. വൈകീട്ട് 4.30ന് ക്ലാസ് അവസാനിക്കുന്ന വിധമാണ് പഠനപ്രക്രിയ.
പ്രായഭേദമന്യേ വനിതകളാണ് കൂട്ടത്തോടെ അക്ഷരമുറ്റത്തേക്ക് വീണ്ടുമെത്തിയത്. പഠനകാലത്തെ ഓർമകൾക്ക് വർണ്ണമേകാൻ സ്കൂൾബാഗും ചോറ്റുപാത്രവും യൂനിഫോമും ഒക്കെ ധരിച്ചാണ് പലരും എത്തിയത്. പ്രായത്തിന്റെയും അസുഖത്തിന്റെയും അവശതയിൽ ബുദ്ധിമുട്ടിയവർ ഒഴികെയുള്ള വനിതകൾ പഠനത്തിന്റെ ഭാഗമായി. ഇതുവരെ മികച്ച പ്രതികരണമാണ് അംഗങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ളത്. ഡിസംബർ അവസാനത്തോടെ 90 ശതമാനത്തോളം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
രജതജൂബിലി തിളക്കത്തിൽ മുന്നേറുന്ന അയൽക്കൂട്ടസംവിധാനങ്ങളെ കൂടുതൽ ചലനാത്മകമാക്കുന്നതിലാണ് ‘തിരികെ സ്കൂൾ പദ്ധതി ആവിഷ്കരിച്ചത്. പുതിയകാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതനപദ്ധതി ഏറ്റെടുക്കാൻ അവരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. അംഗങ്ങളിൽ കൂട്ടായ്മയും ഒത്തൊരുമയും ഊട്ടിയുറപ്പിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവബോധം നൽകുക, സ്ത്രീപദവി ഉയർത്തുന്നതിന് ആവശ്യമായ കാഴ്ചപ്പാട് സൃഷ്ടിക്കുക, സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ അവബോധം എന്നിവയാണത്. പുതിയസാങ്കേതികവിദ്യയായ ഫേസ്ബുക്ക്, വാട്ട്സ്ആപ്, ടിറ്റ്വർ അടക്കമുള്ള ഡിജിറ്റൽകാലത്തെ അറിവുകൾ നേടാനും വനിതകൾക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.