ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് സ​ന്ദ​ർ​ശി​ക്കു​ന്നു

മഴയുടെ ശക്തി കുറഞ്ഞിട്ടും കുട്ടനാട് ഭീതിയിൽ

ആലപ്പുഴ: ജില്ലയിൽ മഴക്ക് ശമനമുണ്ടെങ്കിലും സമീപ ജില്ലകളിൽ നിന്നുള്ള കിഴക്കൻ വെള്ളത്തി‍െൻറ ഒഴുക്ക് തുടരുന്നത് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർത്തുന്നു.പമ്പ, അച്ചൻകോവിൽ പുഴകൾ നിറഞ്ഞൊഴുകുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെ ഒഴുകിയാണ് ഈ പുഴകൾ താഴ്ന്ന പ്രദേശമായ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെത്തുന്നത്.

പൊതുവെ മഴയുടെ അളവിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ശക്തമായ നീരൊഴുക്കിലാണ് അനുബന്ധ കൈവഴികളും.പമ്പ, മണിമല, അച്ചൻ കോവിൽ ആറുകൾ നിറഞ്ഞൊഴുകുന്നതിന് പിന്നാലെ കുട്ടനാട്ടിലെ മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന് കാവാലം, കൈനകരി, അപ്പർ കുട്ടനാട്ടിലെ തലവടി, വീയപുരം പഞ്ചായത്തുകളിൽ കെടുതികൾ രൂക്ഷമായി.

മുട്ടാർ പഞ്ചായത്തിൽ മുട്ടാർ സെൻട്രൽ റോഡ്, കൈതത്തോട് മിത്രക്കരി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയത് ദുരിതമായി. അഞ്ചാം വാർഡിൽ മുട്ടാർ മണലിൽ ഭാഗം മുതൽ നാലുതോട് വരെ മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിഴക്കൻ വെള്ളത്തി‍െൻറ വരവ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് കുട്ടനാട്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളിൽ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് മുകളിൽ തുടരുകയാണ്.

നീരൊഴുക്ക് ശക്തമായെങ്കിലും തോട്ടപ്പള്ളി സ്പിൽവേ വഴി കടലിലേക്ക് വെള്ളം സുഗമമായി ഒഴുകി മാറുന്നില്ലെന്നതാണ് പ്രശ്നം. സെക്കൻഡിൽ‌ 28 സെന്റീമീറ്റർ എന്ന തോതിലാണ് തോട്ടപ്പള്ളിയിൽനിന്ന് കടലിലേക്ക് വെള്ളം രണ്ട് ദിവസമായി ഒഴുകിയത്. സാധാരണയായി സെക്കൻഡിൽ 90 സെന്‍റീമീറ്റർ എന്ന തോതിൽ ഒഴുകിപ്പോയിരുന്നു.

ടി.എസ് കനാൽ വഴി കായംകുളം ഹാർബറിലേക്ക് തോട്ടപ്പള്ളിയിലേതിനെക്കാൾ നാലിരട്ടി വേഗത്തിൽ വെള്ളം ഒഴുകി പോകുന്നതാണ് ആശ്വാസം. രാമങ്കരി പഞ്ചായത്ത് വേഴപ്ര അരികോടിച്ചിറ, കുഴിക്കാല, മുന്നൂറിൻ ചിറ കോളനികളിലെ മിക്ക വീടുകളിലും വെള്ളം കയറി. മാമ്പുഴക്കരി-എടത്വ റോഡിൽ പുതുക്കരി ജങ്ഷൻ വെള്ളത്തിലായി. തലവടി പഞ്ചായത്ത് ഏഴാം വാർഡ് കുന്നുമാടി കുതിരച്ചാൽ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അഞ്ചു കുടുംബങ്ങളിലെ 13പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

വീയപുരം പഞ്ചായത്തിൽ 3,5,13 വാർഡുകളിലെ വീടുകളിൽ വെള്ളം കയറി. പ്രയാച്ചേരി, ഇളവംതറ റോഡിലും വെള്ളമെത്തി. പമ്പയാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

മന്ത്രി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു.ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

തലവടി പഞ്ചായത്തിലെ 15 കുടുംബങ്ങളിലെ 24 പേരാണ് ഈ ക്യാമ്പിലുള്ളത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോജി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ.വൈലോപ്പള്ളി, വിനോദ് പി.മത്തായി, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ഡെപ്യൂട്ടി തഹസിൽദാർ എസ്. സുബാഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Kuttanad is in fear even though the intensity of rain has reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.