ആലപ്പുഴ: ബീച്ചിന് സമീപത്തെ ലൈറ്റ് ഹൗസിലേക്ക് കയറാൻ ലിഫ്റ്റിന്റെ നിർമാണം ഉടൻ തുടങ്ങും. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിർമാണാനുമതി ലഭിച്ചത്. ടെൻഡർ പൂർത്തീകരിച്ച് ഒരു മാസത്തിനകം നിർമാണം ആരംഭിക്കും.
രണ്ടര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച, പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിന് മുകളിൽ എത്താൻ സന്ദർശകർ ഇന്നും കോണിപ്പടികൾ കയറേണ്ട അവസ്ഥയാണ്. ഇവിടെ ലിഫ്റ്റ് സൗകര്യം ഒരുക്കി കൂടുതൽ കാണികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പിന് എ.എം. ആരിഫ് എം.പി നിവേദനം നൽകിയിരുന്നു. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധർ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. ഒരേസമയം ആറുപേർക്ക് കയറാവുന്നതും സെക്കൻഡിൽ ഒരു മീറ്റർ വേഗതയുമുള്ള ലിഫ്റ്റ് സ്ഥാപിക്കാനാണ് മന്ത്രാലയത്തിന്റെ അനുമതി.
ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ ആലപ്പുഴ പട്ടണത്തിലെ കായലും ബീച്ചും കെട്ടിട സമുച്ചയങ്ങളും കാണാൻ കഴിയും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ നിർമിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്തുകൂടെ മുകളിലേക്ക് കയറാൻ ഒരുമീറ്റർ അകലം ഇല്ലാത്ത ചുറ്റുപടികളാണ് ഉള്ളത്.
20 രൂപ മുടക്കിയാൽ ലൈറ്റ് ഹൗസിലും മ്യൂസിയത്തിലും കയറാനാകും. ആദ്യകാലത്ത് ലൈറ്റ് ഹൗസിൽ വെളിച്ചെണ്ണയുപയോഗിച്ചും പിന്നീട് ഗ്യാസ് ഉപയോഗിച്ചും (എ.ജി.എ നിർമിതം) 1960 മുതൽ വൈദ്യുതി ലൈറ്റുകളും തെളിഞ്ഞു തുടങ്ങിയിരുന്നു. 1999 മുതൽ മെറ്റൽ ഹാലൈഡ് ലൈറ്റുകൾ ഇവിടെ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.