ആലപ്പുഴ: സിനിമയുടെ സാങ്കേതികമേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കൈരളി, ശ്രീതിയറ്ററുകളിൽ നടക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയുടെ വേദിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരുമേഖലയും ഉണ്ടാകാൻ പാടില്ല. എല്ലാവർക്കും എല്ലാതലത്തിലും എത്താൻ കഴിയണം. വനിതകൾക്ക് വലിയ തരത്തിലുള്ള പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.
വനിതകൾ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് ഒന്നരക്കോടി രൂപവീതം നൽകിയാണ് കേരളം പ്രോത്സാഹിപ്പിക്കുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവർക്ക് ഇത്തരത്തിൽ അവരുടേതായ സിനിമകൾ സംവിധാനം നിർവഹിക്കാൻ പ്രത്യേക അവസരം നൽകുന്നുണ്ട്. സ്ത്രീ-പുരുഷ തുല്യത സമൂഹത്തിൽ കൊണ്ടുവരുന്നതിന് വിദ്യാഭ്യാസവും ബോധവത്രണവുമാണ് സർക്കാർ സംഘടിപ്പിക്കുന്നത്. പുരുഷന്മാർ ചെയ്യുന്നതിനെക്കാൾ ഭംഗിയായി വനിതകൾ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അത് വിജയകരമായ മുന്നേറ്റമാണ്. സ്ത്രീയെ അകറ്റിനിർത്താതെ സ്ത്രീയും പുരുഷനും ഉൾപ്പെടുന്ന കേരളമാണ് വേണ്ടത്.
ഒരുകാലത്ത് സഞ്ചാര സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട സ്ത്രീക്ക് അർഹമായ പരിഗണന നൽകണമെന്നത് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.