ആലപ്പുഴ: വയനാട് ദുരന്തത്തെത്തുടർന്ന് മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളിയെ വരവേൽക്കാൻ പുന്നമട ഒരുങ്ങി. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഒപ്പം കൂട്ടാതെയാണ് ഇക്കുറി നെഹ്റുട്രോഫി മത്സരം. വിവിധ പരിപാടികളും സാംസ്കാരികഘോഷയാത്രയും ഒഴിവാക്കിയാണ് വള്ളംകളി. നഗരസഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് നഗരചത്വരത്തിലേക്ക് കുട്ടികളെ അണിനിരത്തി ശുചിത്വസന്ദേശയാത്ര നടത്തും. ആകെ ഒമ്പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഇതിൽ 19 ചുണ്ടൻവള്ളങ്ങളുമുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്റുപവലിയന്റെയും താൽക്കാലിക ഗാലറികളുടെയും നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്.
പാസുള്ളവർക്ക് മാത്രം പ്രവേശനം
പാസുള്ളവര്‍ക്ക് മാത്രമാണ് വള്ളംകളി കാണാൻ ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് നൽകുക. പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുമായി എത്തുന്നവര്ക്കുമെതിരെ കർശന നടപടിയുണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍ നിന്ന് തിരികെ പോകാൻ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ എന്നിവയിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്പനയുണ്ട്.
നിയമ ലംഘകരെ പിടികൂടും
വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചിലുകാരെയും കണ്ടെത്താനും മറ്റ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും വിഡിയോ കാമറകളുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മത്സര സമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്റുപവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കും.
ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന് ഓഫിസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ ആറ് മുതല്‍ ജില്ല കോടതി പാലം മുതല്‍ ഫിനിഷിങ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജല വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടിങ് പോയിന്റും ഫിനിഷിങ് പോയിന്റും ഉള്‍പ്പടെ വിവിധ മേഖലകളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പാസെടുത്തവർ രാവിലെ 10ന് എത്തണം
ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തവര്‍ ബോട്ടില്‍ നെഹ്റുപവലിയനിലേക്ക് പോകുന്നതിന് രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പെടെ പാസ് എടുത്തവരും ഈസമയത്ത് വരണം. ഉച്ചക്ക് ഒന്നിന് മുമ്പ് എത്തുന്നവർക്ക് മാത്രമാണ് ബോട്ട് സൗകര്യമുള്ളത്.
ആവേശക്കാഴ്ചയായി ഫോട്ടോ പ്രദര്‍ശനം
ആലപ്പുഴ: നെഹ്റു ട്രോഫിയുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നേര്‍ക്കാഴ്ചകളാക്കി മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനം ‘തുഴത്താള’ത്തിന് ആലപ്പുഴ നഗരചത്വരത്തിലെ ലളിതകല അക്കാദമി ഹാളില്‍ തുടക്കമായി. 70ാമത് നെഹ്റു ട്രോഫി മത്സര വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബിന്റെയും നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം.
നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശവും വീറും വാശിയും ഒട്ടും ചോരാതെ ഫ്രയിമുകളിലേക്ക് ആവാഹിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. ചിത്രപ്രദര്‍ശനം സബ്കലക്ടർ സമീര്‍ കിഷന് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് റോയി ജോസഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ആര്. രജീഷ് കുമാര്‍, ട്രഷറര്‍ എ. സുരേഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സുഭാഷ് ബാബു, അബ്ദുല്‍സലാം ലബ്ബ, രമേശന് ചമ്മാപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സി. ബിജു, മലയാള മനോരമ ഫോട്ടോഗ്രാഫര്‍മാരായ നിഖില്‍ രാജ്, വിഘ്നേഷ് കൃഷ്ണമൂര്‍ത്തി, സജിത്ത് ബാബു, ദേശഭിമാനി ഫോട്ടോഗ്രാഫര്‍ കെ.എസ്. ആനന്ദ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍മാരായ വിഷ്ണു കുമരകം, മഹേഷ് മോഹന്‍, മംഗളം ഫോട്ടോഗ്രാഫര്‍ പി.ആര്. സുരേഷ്, ദീപിക ഫോട്ടോഗ്രാഫര്‍ പി. മോഹനന് എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.
ആലപ്പുഴ: പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണവും വൻ സുരക്ഷയൊരുമൊരുക്കി പൊലീസ്. പുന്നമടയും പരിസരപ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ച് ജില്ല പൊലീസ് മേധാവി എൻ.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 17-ഡി.വൈ.എസ്.പി, 41-ഇൻസ്പെക്ടർ, 355-എസ്.ഐ എന്നിവരുൾപ്പടെ 1800 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കായലിലെ സുരക്ഷക്കായി 47 ബോട്ടുകളിലായി പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി പുന്നമടഭാഗം പൂര്‍ണമായും സി.സി.ടി.വി കാമറ നിരീക്ഷണത്തിലായിരിക്കും. ശനിയാഴ്ച രാവിലെ ആറ് മുതൽ രാത്രി എട്ടുവരെ ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിൽ ഡ്രോൺ കാമറകൾ പ്രവർത്തിക്കുന്നത് നിരോധിച്ചു.
മത്സര സമയം അധികൃതരുടെ അനുവാദമില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാലമോഷണം, പോക്കറ്റടി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ടാകും. വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വിഡിയോ കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. മത്സരസമയം കായലില്‍ ചാടി മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെയും മത്സരം അലങ്കോലപ്പെടുത്തുന്നവരെയും അറസ്റ്റ് ചെയ്യും. പാസ് ഉള്ളവരെ കടത്തി വിടുന്നതിനായി ഫിനിഷിങ് പോയന്റിലെ പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിക്കും.
ഇതിനായി രാവിലെ ആറ് മുതൽ പൊലീസുകാരെ വിന്യസിക്കും. പാസ്, ടിക്കറ്റ് എന്നിവയുമായി പവലിയനില്‍ പ്രവേശിച്ചാൽ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നിട് തിരികെ പ്രവേശിപ്പിക്കില്ല. രാവിലെ എട്ടിനുശേഷം ഒഫിഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും, സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല. അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടി നിയമനടപടി സ്വീകരിക്കും. ജലയാനങ്ങളുടെ പെര്‍മിറ്റും, ഡ്രൈവറുടെ ലൈസന്‍സും കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യും. അനൗൺസ്മെന്റ്, പരസ്യബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാൻ പാടില്ല. അത്തരം ബോട്ടുകള്‍ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുക്കും. രാവിലെ 10നുശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമടകായലിലേക്കും തിരിച്ചും ബോട്ട് സർവിസ് നടത്താൻ അനുവദിക്കില്ല. വളളം കളികാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10ന് സ്ഥലത്ത് എത്തണം.
നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹനഗതാഗത നിയന്ത്രണം ഏർപെടുത്തിയതായി പൊലീസ് അറിയിച്ചു. അന്നേ ദിവസം രാവിലെ ആറ് മുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജങ്ഷന് വടക്കുവശം മുതല്‍ കൈചൂണ്ടി ജങ്ഷന്, കൊമ്മാടി ജങ്ഷന് വരെയുള്ള റോഡരികിൽ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയില്‍ നിന്ന് പിഴ ഈടാക്കും.
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ജില്ലകോടതി വടക്കേ ജങ്ഷൻ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജങ്ഷന് വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈ.എം.സി.എ തെക്കേ ജങ്ഷന് മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫിസ് വരെയുള്ള ഭാഗം കെ.എസ്.ആര്.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നതല്ല.
ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എസ്.ഡി.വി സ്ക്കൂള് ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷന് വഴി എസ്.ഡി.വി സ്ക്കൂള് ഗ്രൗണ്ടിലെത്തി പാര്‍ക്ക് ചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനില്നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുണ്ട്. വള്ളംകളിയുടെ തലേദിവസം മുതല്‍ വാഹനഗതാഗതവും പാര്‍ക്കിങും നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.