0.005 സെക്കൻഡ് വ്യത്യാസത്തിൽ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിൽ പിഴവില്ലെന്നാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ കണ്ടെത്തൽ. ഫിനിഷിങ് ലൈനിൽ ആദ്യംതൊടുന്ന ചുണ്ടനെയാണ് വിജയിയായി കണക്കാക്കിയത്. ഇത് വി.ബി.സി കൈനകരിയുടെ പ്രതിനിധികൾ അംഗീകരിച്ചില്ല. ഫിനിഷിങ് ലൈൻ കടക്കുന്ന ചുണ്ടനാണ് ഒന്നാംസ്ഥാനമെന്ന് നെഹ്റുട്രോഫി നിയമാവലിയിൽ പറയുന്നുണ്ടെന്നും ഇവർ വാദിച്ചു.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിലെ വിധിത്തർക്കത്തിൽ ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന പൂർത്തിയായി.
വിശദപരിശോധനക്കുശേഷം ടെക്നിക്കൽ കമ്മിറ്റിയോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. പരാതി ഉന്നയിച്ചവർ നൽകിയ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നതിനാൽ തിടുക്കത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ജില്ല ഗവ. പ്ലീഡർ അഡ്വ. വേണു, ജില്ല ലോ ഓഫിസർ അഡ്വ. അനിൽകുമാർ, എൻ.റ്റി.ബി.ആർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുൻ എം.എൽ.എ സി.കെ. സദാശിവൻ, ചുണ്ടൻ വള്ളം ഉടമ അസോസിയേഷൻ പ്രസിഡൻറ് ആർ.കെ. കുറുപ്പ് എന്നിവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
സ്റ്റാർട്ടിങ് അടക്കമുള്ള പിഴവുകളെക്കുറിച്ച് പരാതിയുള്ളതിനാൽ ടെക്നിക്കൽ കമ്മിറ്റി വിശദപരിശോധന നടത്തും. വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് എന്നിവർ ഫൈനൽമത്സരത്തിന്റെ കൂടുതൽ തെളിവുകളും ദൃശ്യങ്ങളും പെൻഡ്രൈവിലാക്കിയാണ് കലക്ടർക്ക് സമർപ്പിച്ചത്. ഇതിന്റെ പരിശോധന പൂർത്തിയാക്കാൻ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. എ.ഡി.എം, ജില്ല ഗവ. പ്ലീഡർ, ജില്ല ലോ ഓഫിസർ, എൻ.ടി.ബി.ആർ സൊസൈറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി ഉന്നയിച്ച ക്ലബുകളുടെയും ചുണ്ടൻവള്ളസമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വിഡിയോ ദൃശ്യങ്ങളുടെ പരിശോധനയും വാദം കേൾക്കലുമാണ് നടന്നത്.
കലക്ടർ അലക്സ് വർഗീസിന്റെ ചേംബറിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് പ്രാഥമികചർച്ച തുടങ്ങിയത്. വിഡിയോദൃശ്യം പ്രദർശിപ്പിക്കുന്നതടക്കമുള്ള വാദം കേൾക്കൽ എ.ഡി.എം ആശ സി. എബ്രഹാമിന്റെ മുറിയിലാണ് നടന്നത്. രണ്ടും മൂന്നും സ്ഥാനം നേടിയ വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് പ്രതിനിധികൾ, എൻ.ടി.ബി.ആർ സൊസൈറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി. 0.005 സെക്കൻഡ് വ്യത്യാസത്തിൽ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിൽ പിഴവില്ലെന്നാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ കണ്ടെത്തൽ. ഫിനിഷിങ് ലൈനിൽ ആദ്യംതൊടുന്ന ചുണ്ടനെയാണ് വിജയിയായി കണക്കാക്കിയത്. ഇത് വി.ബി.സി കൈനകരിയുടെ പ്രതിനിധികൾ അംഗീകരിച്ചില്ല.
ഫിനിഷിങ് ലൈൻ കടക്കുന്ന ചുണ്ടനാണ് ഒന്നാംസ്ഥാനമെന്ന് നെഹ്റുട്രോഫി നിയമാവലിയിൽ പറയുന്നുണ്ടെന്നും ഇവർ വാദിച്ചു. സ്റ്റാർട്ടിങ്ങിലെ പിഴവാണ് ഒന്നാംസ്ഥാനം നഷ്ടമാക്കിയതെന്ന കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയിൽ മത്സരദൃശ്യത്തിന്റെ വിഡിയോയും പരിശോധിച്ചു. ശനിയാഴ്ച നടന്ന നെഹ്റുട്രോഫി വള്ളംകളിയിൽ 0.5 മില്ലി മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടൻ (4.29.790) രണ്ടും കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.