ദേശീയപാത വികസനം: ഭൂവുടമകൾക്ക് നഷ്ടപരിഹാരം വൈകുന്നു

ആലപ്പുഴ: ജില്ലയിൽ ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയെങ്കിലും ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക കിട്ടാൻ വൈകും. 2,862 ഭൂവുടമകൾക്ക് കിട്ടേണ്ട ആയിരം കോടിയാണ് ട്രഷറിയിലേക്ക് മാറ്റാൻ കഴിഞ്ഞ മാർച്ച് 31ന് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഉത്തരവിട്ടത്. തുടർന്ന് 218.01 കോടിയാണ് ജില്ല ട്രഷറിയിലേക്ക് മാറ്റിയത്. ഭൂവുടമകൾ സമർപ്പിച്ച രേഖകളിൽ അപാകതയുണ്ടെങ്കിൽ അദാലത് നടത്തി തീർപ്പാക്കി നഷ്ടപരിഹാരം നൽകാനാണ് ദേശീയപാത അതോറിറ്റി നിർദേശിച്ചത്. എന്നാൽ, അതുചെയ്യാതെ തിരക്കിട്ടായിരുന്നു തുകമാറ്റം. ദേശീയപാത പ്രോജക്ട്‌ ഡയറക്ടറുടെയും ജില്ലകളിലെ സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നൽകാനുള്ള തുക കൈമാറുന്നത്.

മുൻകൂർ അനുമതി വാങ്ങാതെ തുക ട്രഷറിയിലേക്ക് മാറ്റിയതിൽ ദേശീയപാത അതോറിറ്റി ഇടപെട്ടിരുന്നു. ആലപ്പുഴയിൽ 1000 കോടി രൂപയോളം ട്രഷറിയിലേക്ക് മാറ്റാനാണ് ഉത്തരവിട്ടത്. എന്നാൽ, 218 കോടി രൂപ മാത്രമാണ് മാറ്റാൻ കഴിഞ്ഞത്. ബാക്കി തുകയുടെ കൈമാറ്റം ദേശീയപാത അതോറിറ്റി ഇടപെട്ട് തടയുകയായിരുന്നു. ഇനി ഈ തുക പിൻവലിച്ച് ഭൂവുടമകൾക്ക് വിതരണം ചെയ്യണമെങ്കിൽ പ്രത്യേക ഉത്തരവിറങ്ങണം. ഇതിലെ കാലതാമസമാണ് നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകാൻ ഇടയാക്കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭൂവുടമകൾ സമർപ്പിച്ച രേഖകൾ കൃത്യമല്ലെന്ന് ചൂട്ടിക്കാട്ടിയാണ് പണം മുഴുവനായും ട്രഷറിയിലേക്ക് മാറ്റിയത്. എറണാകളം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ഇത്തരത്തിൽ നഷ്ടപരിഹാരത്തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ളത്.

തുറവൂർ മുതൽ ഓച്ചിറവരെ ദേശീയപാത ആറുവരി പാതയാക്കുന്നതിന് മൂന്ന് റീച്ചുകളിലായുള്ള സ്ഥലമേറ്റെടുപ്പ് 90 ശതമാനവും പൂർത്തീകരിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലം നിർമാണക്കമ്പനിക്ക് പൂർണമായും കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതുവരെ സ്വകാര്യ വ്യക്തികളുടെ 94 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്തത്. 106 ഹെക്ടർ സ്ഥലമാണ് ഇവിടെ ഏറ്റെടുക്കേണ്ടത്. ഇതിൽ 10 ഹെക്ടർ സർക്കാർ വകസ്ഥലമാണ്. കഴിഞ്ഞ 11 മാസത്തിനുള്ളിൽ ഏറ്റെടുത്തത് 35 ഹെക്ടറായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ 29 ദിവസംകൊണ്ട് 59 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. കഴിഞ്ഞ 31ന് മുമ്പ് പൂർത്തീകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളാൽ മുഴുവൻ പേർക്കും നഷ്ടപരിഹാരത്തുക വിതരണം നടത്താൻ കഴിഞ്ഞിട്ടില്ല. 7760 ഭൂവുടമകളിൽ 4898 പേർക്ക് 1850 കോടി രൂപ വിതരണം ചെയ്താണ് 94 ഹെക്ടർ സ്ഥലം ഏറ്റെടുത്തത്. അതേസമയം, നഷ്ടപരിഹാര വിതരണം കാരണമില്ലാതെ വൈകിച്ചാൽ അനുവദിച്ച തുക തിരിച്ചെടുക്കുമെന്ന് ദേശീയപാത അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ മാർച്ച് 31നുശേഷം ഒരുരൂപ പോലും ഭൂവുടമകൾക്ക് കൈമാറിയിട്ടില്ല.

Tags:    
News Summary - NH Development: Delay in compensation to landowners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.