കുട്ടനാട്: ചുറ്റും വെള്ളക്കെട്ടാണെങ്കിലും ഒരിറ്റ് കുടിവെള്ളത്തിന് കുട്ടനാട്ടുകാർ നെട്ടോട്ടമോടുന്നു. വെള്ളപ്പൊക്ക ദുരിതത്തിന് പിന്നാലെ ശുദ്ധജല പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഒട്ടുമിക്ക പഞ്ചായത്തിലും കടുത്ത ശുദ്ധജല ക്ഷാമാണ് അനുഭവപ്പെടുന്നത്. പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളിലാണ് ക്ഷാമം രൂക്ഷം. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പേരിനുപോലും നടക്കാത്ത പഞ്ചായത്തുകളാണിവ.
വേനൽ കടുത്ത സമയത്ത് പഞ്ചായത്തിന്റെ ചുമതലയിൽ വാഹനങ്ങളിൽ ശുദ്ധജലം വിതരണം നടത്തിയിരുന്നെങ്കിലും കാലവർഷം ആരംഭിച്ചതോടെ അത് നിർത്തിവെച്ചു. പിന്നീട് മഴവെള്ളം സംഭരിച്ചോ വീടുകളിലെ കിണറിനെയോ ആശ്രയിച്ചാണ് ആവശ്യം നിറവേറ്റിയിരുന്നത്. ഇപ്പോൾ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കിണർ മുങ്ങിപ്പോകുന്ന സ്ഥിതിയായി. പുറത്തെ മാലിന വെള്ളം കലർന്നതോടെ കിണർവെള്ളം ഉപയോഗശൂന്യമായി.
ടാങ്കുകളിൽ കരുതിവെച്ചിരുന്ന മഴവെള്ളവും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. ഇതോടെയാണ് ശുദ്ധജല പ്രതിസന്ധി രൂക്ഷമായത്. പോളയും മറ്റ് ദുർഗന്ധം വമിക്കുന്ന ചീഞ്ഞ മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യത്തിന്റെ സാന്നിധ്യവുംമൂലം സമീപത്തെ തോട്ടിലെയോ ആറ്റിലേയോ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.