ഓണത്തിന് ശ്രദ്ധിക്കുക; ആഘോഷം പരിധിവിട്ടാൽ പിടിവീഴും

ആലപ്പുഴ: ഓണാഘോഷം അതിരുകടക്കാതിരിക്കാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാനുമായി പട്രോളിങ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കി ജില്ല പൊലീസ്. അപകടകരമായ വിധത്തിലും മദ്യപിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വാഹനം കോടതിയിൽ ഹാജരാക്കാനുമാണ് തീരുമാനം.

ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടികളും സ്വീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ട്രാഫിക് പൊലീസിനെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ചു. ക്ലബുകളും മറ്റും നടത്തുന്ന ഓണാഘോഷ പരിപാടികളിൽ സംഘർഷം ഉണ്ടായാൽ ക്ലബ് ഭാരവാഹികൾക്കെതിരെ നിയമനടപടി ഉറപ്പാക്കും. ഓണം സുരക്ഷയുടെ ഭാഗമായി ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സ്ഫോടക വസ്തുക്കളും ലഹരി പദാർഥങ്ങളും മറ്റും കണ്ടെത്തുന്നതിനായി ആലപ്പുഴ കെ 9 ഡോഗ് സ്ക്വാഡ് നേതൃത്വത്തിലാണ് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന.

ട്രെയിൻ മാർഗം വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിന്റേയും സ്ഫോടക വസ്തുക്കൾ ട്രെയിൻ മാർഗം കടത്തുന്നത് കണ്ടെത്തുന്നതിന്‍റെയും ഭാഗമായാണ് പരിശോധന. വരും ദിവസങ്ങളിലും ഇത്തരത്തിൽ കർശന പരിശോധനകൾ വിവിധ സ്ഥലങ്ങളിൽ നടത്തുമെന്ന് ജില്ല പൊലീസ് മേധാവി ജി.ജയ്ദേവ് അറിയിച്ചു.

Tags:    
News Summary - Onam; Exceeding the limit of celebration will lead to arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.