ചാരുംമൂട്: നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും എതിർപ്പുകളെ മറികടന്ന് പാലമേൽ പഞ്ചായത്തിലെ മലയിൽനിന്ന് മണ്ണെടുക്കാനുള്ള നീക്കം വീണ്ടും ശക്തം. പാലമേൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ ഹരജിയിൽ അനുകൂലവിധി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മണ്ണെടുക്കുന്നതിനുള്ള സാധ്യതയേറിയത്. മണ്ണെടുപ്പിനെതിരെ നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് ആദ്യം തള്ളിയിരുന്നു. ഇതേതുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകിയത്.
സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേചെയ്യാതെ ഡിസംബർ 22ന് വിധിപറയുന്നതിനായി ഹൈകോടതി മാറ്റിവെച്ചിരിക്കുകയാണ്. സിംഗിൾ ബെഞ്ച് വിധി അതേപോലെ നിലനിൽക്കുന്നത് മണ്ണെടുപ്പ് ലോബിക്കു സഹായകമാണ്. ദേശീയപാതയുടെ നിർമാണത്തിനായി പൊലീസ് സഹായത്തോടെ വെള്ളിയാഴ്ച തന്നെ മണ്ണെടുപ്പ് തുടങ്ങുമെന്നാണ് അറിയുന്നത്. പാലമേൽ പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്നാണ് മണ്ണെടുക്കാനുള്ള നീക്കം നടക്കുന്നത്. ഒക്ടോബർ 26ന് അഞ്ഞൂറിൽപരം വരുന്ന പൊലീസ് സന്നാഹത്തോടുകൂടിയെത്തി മണ്ണെടുക്കാൻ നടത്തിയ നീക്കം രണ്ടായിരത്തോളംപേരെ പങ്കെടുപ്പിച്ച് സമരസമിതി പ്രതിരോധം തീർത്ത് പരാജയപ്പെടുത്തിയിരുന്നു. ഹൈകോടതിവിധി വന്നശേഷം മാത്രമേ മണ്ണെടുപ്പുമായി മുന്നോട്ടുപോകൂവെന്ന ധാരണയിലാണ് അന്നു സമരം അവസാനിപ്പിച്ചത്. എന്നാൽ, മണ്ണെടുപ്പിനെ പ്രതിരോധിക്കാൻ തന്നെയാണ് പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായ തീരുമാനം. പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് വിവിധ രാഷ്ട്രീയപാർട്ടികൾ ഉൾക്കൊള്ളുന്ന സംയുക്ത സമരസമിതിക്കു രൂപം നൽകിയിരുന്നു. ജനങ്ങളെ ബോധവത്കരിക്കാൻ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികളും പ്രത്യേക യോഗങ്ങൾ ചേർന്ന് സമരത്തിൽ അണിചേരാൻ തീരുമാനിച്ചിട്ടുണ്ട്.
മണ്ണെടുപ്പിനെത്തിയാൽ എന്തുവിലകൊടുത്തും തടയാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.