കുട്ടനാട്: കുട്ടനാട്ടിലെ തോടുകളിലും നദികളിലും ജനങ്ങൾക്ക് ദുരിതം വിതച്ച് പോള നിറയുന്നു. വർഷംതോറും ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ശാശ്വത പരിഹാരമില്ല. കൃഷിയെയും പൊതു ഗതാഗതത്തെയും ഉൾനാടൻ മത്സ്യബന്ധനത്തെയും മത്സ്യ പ്രജനനത്തെയും ഒരു പോലെ ബാധിക്കുകയാണിത്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൃഷിയെയാണ്.
കുട്ടനാട്ടിൽ കായൽ നിലങ്ങളിൽ ഉൾെപ്പടെ 28000 ഹെക്ടറോളം നെൽകൃഷി ചെയ്യുന്നു. 50 ശതമാനം പാടശേഖരങ്ങളും നദികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിലം ഒരുക്കുന്നത് മുതൽ കൊയ്തെടുത്ത നെല്ല് റോഡിൽ എത്തിക്കുന്നതുവരെ നദികളെ ആശ്രയിച്ചാണ്.
വള്ളങ്ങൾക്ക് കയറി വരാൻ പോലും കഴിയാത്തവിധം പോള തിങ്ങിക്കിടക്കുന്നു. പോളയും കറുകലും നിറഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ ബജറ്റിൽ തുക വകയിരുത്തുമെന്ന് കാലങ്ങളായി പറയാറുണ്ടെങ്കിലും ഇതുണ്ടായിട്ടില്ല. മുൻ കാലങ്ങളിൽ തൊഴിലുറപ്പിൽപെടുത്തി പോള നീക്കിയിരുന്നു.
എന്നാൽ, പുതുക്കിയ പദ്ധതി പ്രകാരം ആവർത്തന സ്വഭാവമുള്ള ജോലികൾ നടപ്പാക്കേണ്ടെന്ന് നിർദേശമുള്ളതിനാൽ ജോലികൾ നടക്കുന്നില്ല. പൊതുമരാമത്ത് മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് കാർഷിക മേഖലയിലേക്കുള്ള തോടുകളും നദികളും സംരക്ഷിക്കാറുണ്ടായിരുന്നു. അതും നിലച്ചിരിക്കുകയാണ്.
മിത്രക്കരി മുപ്പത്തഞ്ചിൽ തോട്, വേളാശ്ശേരി തോട്, തായങ്കരിതോട്, തലവടി പാരേത്തോട്,എരവുകരി, തെങ്കരപ്പച്ച, പച്ച പള്ളിത്തോട്, മഠത്തിക്കളം, പാണ്ടങ്കരി പത്തിൽ പറത്തറ കിഴക്കേപ്പുറം, മരിയാപുരം, വരമ്പത്ത് മുട്ടു, വലിയപട്ടത്താനം തുടങ്ങി ഒട്ടേറെ തോടുകൾ പോളയും കറുകലും മുള്ളനും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വല്ലപ്പോഴും ജനകീയ കൂട്ടായ്മയിൽ വൃത്തിയാക്കുന്നത് മാത്രമാണ് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.