അരി 53 രൂപ; മുളക് കിലോ 430; ഓണക്കാല വിലക്കയറ്റം റെഡി !

ആലപ്പുഴ: ഓണക്കാലം അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയാണ്. അരി, പച്ചക്കറികൾ തുടങ്ങിയവക്ക് ദിനേന എന്നോണമാണ് വില വർധിക്കുന്നത്. അരിയും മറ്റു വസ്തുക്കളും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയതിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ആന്ധ്രയിൽനിന്നും മറ്റും വരുന്ന അരിയുടെ അളവിൽ കുറവുണ്ടായതും വിലക്കയറ്റത്തിന് വഴിതുറന്നു. ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നെൽകൃഷി കുറഞ്ഞതും വൈദ്യുതിക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവർത്തനം മുടങ്ങിയതുമാണ് വരവ് കുറയാൻ കാരണമായതെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. മുളകിനും കഴിഞ്ഞ ഒരാഴ്ചക്കിടെ വൻ തോതിൽ വില കയറി.

കിലോക്ക് 35-40 രൂപക്ക് ലഭിച്ചിരുന്ന ജയ അരി ഇപ്പോൾ 50 രൂപക്ക് മുകളിലാണ് മാർക്കറ്റ് വില. കായംകുളം മാർക്കറ്റിൽ അരിയുടെ മൊത്ത വ്യാപാര വില കിലോക്ക് 49 രൂപയായി. ചില്ലറ വിപണിയിൽ അരി വില 52 മുതൽ 53 രൂപ വരെയും. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാൻ കാരണമെന്നും പറയുന്നു.

പാലക്കാടൻ മട്ട അരിയുടെ മൊത്ത വ്യാപാരവില 40 രൂപയിലെത്തി. രണ്ടുമാസം മുമ്പ് കിലോക്ക് 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയിൽനിന്ന് 32 രൂപയായി വർധിച്ചു.

മാവേലിക്കര മേഖലയിൽ കഴിഞ്ഞയാഴ്ച 185 രൂപ വിലയുണ്ടായിരുന്ന ചരടൻ മുളകിന് ഈ ആഴ്ചത്തെ വില 430 രൂപയാണ്. വർധന ഇരട്ടിയിലധികം. 110 രൂപ വിലയുണ്ടായിരുന്ന തമിഴ്നാട് മുളക് ഇപ്പോൾ‌ ലഭിക്കുന്നത് 330 രൂപക്കും. വർധന മൂന്നിരട്ടി. തുറവൂർ മേഖലയിൽ 150 രൂപയായിരുന്ന ഉണക്കമുളക് ഒരാഴ്ചക്കകം വില 300ന് മുകളിലായി. മൊത്തവ്യാപാരികൾക്കനുസരിച്ചും ഇനങ്ങൾക്കനുസരിച്ചും ജില്ലയിലെ വിവിധ മേഖലകളിൽ മുളകി‍െൻറ വിലയിൽ വ്യത്യാസമുണ്ടെങ്കിലും ഒരാഴ്ചക്കിടെ എല്ലായിടത്തും മുളകി‍െൻറ വില ഇരട്ടിയിലധികം വർധിച്ചു.

ആറിലേറെ ഇനത്തിൽ വിവിധ തരമായി മുളക് എത്തുന്നുണ്ട്. കിലോക്ക് 240 രൂപ മുതൽ വിലയുള്ള മുളക് വിപണിയിൽ ലഭ്യമാണെങ്കിലും കൂടുതൽ ആവശ്യക്കാരുള്ള ഇനത്തിനാണ് വില കുത്തനെ ഉയർന്നത്. ലഭ്യതയിലെ അപ്രതീക്ഷിത കുറവാണ് ഇതിന് കാരണമായി വ്യാപാരികൾ പറയുന്നത്.

കർണാടകയിൽനിന്ന് എത്തുന്ന മുളകിന്റെ വരവ് കുറഞ്ഞതും വില കൂടാൻ കാരണമായിട്ടുണ്ട്. ഓണം വരാനിരിക്കെ ആവശ്യത്തിന് മുളക് മാർക്കറ്റിൽ എത്തിയില്ലെങ്കിൽ വില ഇനിയും ഉയരുമെന്നാണ് സൂചന.

Tags:    
News Summary - Rice Rs.53; Chili 430 kg; Onam price hike ready!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.