ആലപ്പുഴ: ജീവിതസാഹചര്യങ്ങളോട് പൊരുതി 'പൊടിതട്ടിയെടുത്ത' ചിത്രകലാജീവിതം 64ാംവയസ്സിലും കൈവിടാതെ സൂക്ഷിക്കുന്ന കോഴിക്കോട് കല്ലായിക്കാരി സി. ശാന്തയുടെ (ശാന്തേച്ചി) അതിജീവന ചിത്രങ്ങൾക്ക് മികവേറെ. 'ലോകമേ തറവാട്' ആലപ്പുഴ ബിനാലെ പ്രദർശനത്തിൽ ഏറ്റവും പ്രായകൂടിയ വനിത കലാകാരി ആയതിന് പിന്നിലും ഒരുകഥയുണ്ട്. 50 വയസ്സ് പിന്നിട്ട ശേഷമാണ് വരയിൽ സജീവമായത്. ചെറുപ്പകാലത്ത് മനസ്സിൽ കോറിയിട്ട വിഷയങ്ങൾക്ക് സമകാലികഭാവങ്ങൾ പകർന്ന് പ്രകൃതിയെയും ചുറ്റുമുളള ജീവിതാവസ്ഥകളും വരച്ചുകൂട്ടുകയായിരുന്നു.
ചിത്രകലയുടെ ലോകത്ത് ശാന്തേച്ചി എന്നും ഒറ്റക്കായിരുന്നു. സ്കൂൾപഠനകാലം മുതൽ ചിത്രരചനയോട് താൽപര്യമായിരുന്നു. അന്ന് അത് പെൻസിൽ കളറിങ്, ഡ്രോയിങ് എന്നിവയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. 18ാം വയസ്സിൽ പത്രപരസ്യം കണ്ട് മദ്രാസിലെ ചിത്രവിദ്യാലയത്തിൽനിന്ന് തപാൽമാർഗമാണ് പഠിച്ചത്. മുട്ട വിറ്റ് കിട്ടുന്ന പണമാണ് മാസംതോറും അയച്ചുകൊടുത്തിരുന്നത്. ജീവിതസാഹചര്യത്തിൽ ചിത്രരചന നിലച്ചു. പിന്നീട് സാക്ഷരത പ്രവർത്തനത്തിലും പൊതുപ്രവർത്തനത്തിലും സജീവ സാന്നിധ്യമായി. അവസരങ്ങൾ കിട്ടാതെ പാതിവഴിയിൽ മുറിഞ്ഞുപോയ കലാപഠനം വീണ്ടും കൂട്ടിയിണക്കിയത് 45 വയസ്സിനുശേഷമാണ്. എസ്.കെ. പൊറ്റക്കാട് സാംസ്കാരികകേന്ദ്രത്തിൽ ചിത്രരചന അഭ്യസിക്കാൻ പോയതോടെ കളറിങ്ങിൽ കൂടുതൽ അറിവുകിട്ടി. രണ്ടുവർഷത്തോളം കുട്ടികൾക്കൊപ്പമിരുന്നായിരുന്നു പഠനം. മാഞ്ഞുപോയ 'ചിത്രരചന' കൈപുണ്യം 'കൈവിടാതെ' വരച്ചുകൂട്ടിയ നിരവധി ചിത്രങ്ങൾ കോർത്തിണക്കി ആദ്യപ്രദർശനം കോഴിക്കോട് നടത്തി. പിന്നീട് ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ദേശീയ ക്യാമ്പിലും പങ്കാളിയായി. ഒമ്പതിലധികം സംസ്ഥാനതല പ്രദർശനത്തിലും പ്രാദേശിക പരിപാടികളിലും ഇടംകണ്ടെത്തിയാണ് കലാജീവിതം തിരിച്ചുപിടിച്ചത്.
വിജയഗാഥ തിരിച്ചറിഞ്ഞാണ് ബിനാലെ പ്രദർശനവേദിയിലും എസ്. ശാന്തയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. താൻ വരച്ച സാമൂഹിക അവബോധമുള്ള 24 ചിത്രങ്ങൾക്കരിൽ നിൽക്കെയാണ് ശാന്തചേച്ചി മനസ്സ് തുറന്നത്. കലയെന്നാൽ സമാധാനമാണ്. അത് നിലവിലെ സാമൂഹിക വ്യവസ്ഥിതിയിൽനിന്ന് മനസ്സിലേക്ക് പകരുന്നതാവണം. പ്രകൃതിദത്ത നിറങ്ങൾക്കൊപ്പം അക്കർലിക്, വാട്ടർകളർ, ചാർക്കോൾ, ഓയിൽ പേസ്റ്റ് എന്നിവ ഉപയോഗിച്ചാണ് ഏറെയും ചിത്രങ്ങൾ വരച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.