കുട്ടനാട്: കുട്ടനാടും അപ്പർ കുട്ടനാടും ഉൾപ്പെടുന്ന 54,000 ത്തോളം ഹെക്ടറിൽ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു. കൃഷി -ജലസേചന വകുപ്പുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നാണ് കർഷകരുടെ ആക്ഷേപം. സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കൊടുക്കുന്നില്ലെന്നതിനു പുറമേ കൃഷി ഇറക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കാത്തതും രണ്ടാംകൃഷി പടിയിറങ്ങാൻ കാരണമായി.
1840 കോടിയുടെ വിശാല കുട്ടനാട് പാക്കേജിൽ തെക്കൻ മേഖലയെ പൂർണമായും അവഗണിച്ചുവെന്ന പരാതി കർഷകർക്ക് നേരത്തേയുണ്ട്.അച്ചൻകോവിൽ, പമ്പ, മണിമല നദികൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ നദീതീരങ്ങളിൽ ബണ്ട് ഉയർത്താൻ നടപടി സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാംകൃഷി പൂർവാധികം ശക്തിപ്രാപിച്ചേനെയെന്നാണ് പരമ്പരാഗത കർഷകർ പറയുന്നത്.
രണ്ട് പതിറ്റാണ്ടായി എക്കലും മണലുമടിഞ്ഞ് നദികളുടെ ജലസംഭരണ ശേഷി കുറഞ്ഞതോടെ മഴ ശക്തമായില്ലെങ്കിൽപോലും കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. നദീതീരങ്ങളിലെ കൃഷിസംരക്ഷണ ബണ്ടുകളുടെ ദുർബല മേഖലകൾ വെള്ളത്തിന്റെ അതിസമ്മർദത്തെ അതിജീവിക്കാൻ കഴിയാതെ മടവീണ് വ്യാപക കൃഷിനാശം സംഭവിക്കുന്നതും കൃഷി ഉപേക്ഷിക്കാൻ കാരണമാണ്.
നദികളുടെ ആഴം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി പ്രാധാന്യം അനുസരിച്ച് ഓരോ നദികൾക്കും ആവശ്യമായ ആഴം നിജപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അധികമായി അടിയുന്ന മണലും എക്കലും സമയബന്ധിതമായി നീക്കംചെയ്താൽ കൃഷിനാശത്തിന്റെ ആഘാതം കുറക്കാൻ കഴിയും. ജലസേചന-കൃഷിവകുപ്പുകൾ തമ്മിലുള്ള ഏകോപനവും അനിവാര്യമാണ്.10,000 ഹെക്ടറിൽപോലും രണ്ടാംകൃഷി നെല്ലുൽപാദനം നടക്കുന്നില്ല എന്നതാണ് കുട്ടനാട് ഉൾപ്പെടെയുള്ള ജില്ലയുടെ അവസ്ഥയെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.