ആലപ്പുഴ: ചകിരിച്ചോർ കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം കയർ ബോർഡ് നേടിയത് 1919.74 കോടി രൂപയുടെ വരുമാനം. കയറുൽപന്നങ്ങളുടെ ആകെ കയറ്റുമതി വരുമാനത്തിെൻറ പകുതിയിലേറെയും ചകിരിച്ചോറിൽനിന്നാണ് -ഏകദേശം 50.8 ശതമാനം.
പ്രകൃതിദത്തവും ഈടുള്ളതും താരതമ്യേന വില കുറഞ്ഞതുമായതിനാലാണ് വിദേശ രാജ്യങ്ങളിലുൾപ്പെടെ ചകിരിച്ചോറിന് പ്രിയം. ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് കയറ്റുമതി കൂടുതൽ.
കേരളത്തിൽ ആഭ്യന്തര ഉൽപാദനമാണ് ഏറെയും. മണ്ണിനുപകരം മറ്റൊരു ജൈവിക വസ്തുവിൽ ചെടി നട്ടുവളർത്തി മെച്ചപ്പെട്ട വളർച്ച നേടാനുള്ള അവസരമാണ് ചകിരിച്ചോർ നൽകുന്നത്. നല്ലൊരു വളമായി വിളകൾക്ക് ഉപയോഗിക്കാം. വേരുകൾ പിടിക്കാനും നശിക്കാതെ മുളച്ചുപൊന്താനും സഹായിക്കും. ഈർപ്പം പിടിച്ചുനിർത്താനുള്ള കഴിവാണ് മുഖ്യ മേന്മ. ഒരു കിലോ ചകിരിച്ചോറില്‍ എട്ടുലിറ്റർ വരെ വെള്ളം സംഭരിക്കാം. വലിയൊരു സ്പോഞ്ച് പോലെയാണ് പ്രവർത്തനം.
വേരുകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാലും ധാരാളം വായുസഞ്ചാരം ഉറപ്പാക്കാൻ കഴിയുന്നതിനാലും ചെടികളുടെ വളർച്ചക്ക് മികച്ച മാർഗമാണ്.
1:1 അനുപാതത്തിൽ മണ്ണും ചകിരിച്ചോറും ചേർത്ത് നടുന്ന ചെടികളുടെ വേരുപിടിക്കൽ 30 ശതമാനം അധികമാണത്രെ. വീടിനകത്ത് വളർത്തുന്ന ചെടികളും ചകിരിച്ചോറിൽ നടുന്നത് ഇരട്ടി ഗുണം ചെയ്യും.
ചകിരിച്ചോർ സംരംഭങ്ങൾക്ക് സാധ്യത
ആലപ്പുഴ ജില്ല ചകിരിച്ചോർ ഉൽപാദനത്തിൽ മുന്നിലല്ല. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ചകിരിച്ചോർ അധികവും വടക്കൻ കേരളത്തിൽനിന്നാണ്. 125 മില്ലുകളുള്ളതിൽ നൂറിലധികവും മലബാർ ഭാഗത്തും. കേരളത്തിലെ കാലാവസ്ഥ ചകിരിച്ചോറിന് അത്ര യോജ്യമല്ല. ചെടികൾ നട്ടുവളർത്താൻ ഉപയോഗിക്കുന്ന ചകിരിച്ചോറിൽ ഉപ്പിെൻറ അംശം തീരെ പാടില്ല. മണ്ണിെൻറ ലവണാംശം ചകിരിച്ചോറിെൻറ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുന്നതാണ് സംസ്ഥാനത്തെ പ്രശ്നം. മഴ അധികം ലഭിക്കുന്ന പ്രദേശമായതിനാൽ ചകിരിച്ചോർ ഉണക്കാനും പ്രയാസമുണ്ട്. മഴയും ഈർപ്പവുംമൂലം ചകിരിച്ചോർ കട്ടകളാക്കി സൂക്ഷിക്കാനും ബുദ്ധിമുട്ടുണ്ട്. പെട്ടെന്ന് പൊടിഞ്ഞു പോകുന്ന തരത്തിലെ ചകിരിച്ചോർ കയറ്റുമതി എളുപ്പമല്ല. ഇവിടെ ഉൽപാദിപ്പിക്കുന്ന ചകിരിച്ചോർ അധികവും ഉപയോഗിക്കുന്നത് സംസ്ഥാനത്തിനകത്തുതന്നെ. ജില്ലയിൽ കായംകുളം, ആലപ്പുഴ പ്രോജക്ട് ഓഫിസുകളുടെ കീഴിൽ ഡീ-ഫൈബറിങ് യൂനിറ്റുകൾ പ്രവർത്തിക്കുന്നു.
സംസ്ഥാനത്തിനകത്ത് 60-70 കോടിയുടെ ചകിരിച്ചോർ ഉപയോഗിക്കുന്നുണ്ടെന്ന് കയർബോർഡ് അസി. ഡയറക്ടർ രാധാകൃഷ്ണൻ പറയുന്നു. 10 ലക്ഷത്തോളം വീടുകളിൽ ജൈവവളമായി ഉപയോഗിക്കുന്നു. ചിലയിടങ്ങളിൽ കോഴിഫാമുകളിലും ഉപയോഗിക്കുന്നുണ്ട്. ചകിരിച്ചോർ ഉൾപ്പെടെ കയർ സംരംഭങ്ങൾക്ക് 35 ശതമാനം സബ്സിഡിയോടെ വായ്പ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.