ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ 50 ശതമാനം ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി റെഗുലേഷന് കാര്യക്ഷമമാക്കണമെന്ന് കലക്ടര്‍ അലക്സ് വര്‍ഗീസ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ വിളിച്ച ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
ആകെ 90 ഷട്ടറുകളുള്ള തണ്ണീര്‍മുക്കം ബണ്ടില്‍ 28 ഷട്ടറുകള്‍ മാത്രമേ വേലിയേറ്റ വേലിയിറക്കവുമായി ബന്ധപ്പെട്ടുള്ള ജലക്രമീകരണങ്ങള്‍ക്കായി റെഗുലേറ്റ് ചെയ്യപ്പെടുന്നുള്ളൂ. 17 ഷട്ടറുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കി ആകെ ഷട്ടറുകളുടെ 50 ശതമാനത്തിലേക്ക് എത്തിക്കണം.
ബണ്ടിന്റെ ഉപദേശകസമിതി യോഗം ഡിസംബര്‍ ഏഴിന് രാവിലെ 11ന് ചേരാനും തീരുമാനിച്ചു. വൃശ്ചിക വേലിയേറ്റത്തിന്റെ ഭാഗമായി കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപ്പുവെളളം കയറുന്നത് ഒഴിവാക്കാനാണ് നടപടി. ഇതിനായി തണ്ണീര്‍മുക്കം ബണ്ടിന്റെ 28 ഷട്ടറുകള്‍ വേലിയേറ്റത്തിന്റെ തോതനുസരിച്ച് നവംബർ 12 മുതൽ ക്രമീകരിച്ച് തുടങ്ങിയിരുന്നു. എന്നിട്ടും നാശനഷ്ടങ്ങൾ ഏറിയതോടെയാണ് വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ 17 ഷട്ടറുകൾ കൂടി റെഗുലേഷനായി തുറക്കാൻ തീരുമാനിച്ചത്. ഇതുവരെ ആറിടത്താണ് മടവീണ് കൃഷി നാശം ഉണ്ടായത്. പുഞ്ച കൃഷിക്കായുള്ള പമ്പിങ് ആരംഭിച്ചതും രണ്ടാംകൃഷിക്ക് വിളവെടുക്കാറായതുമായ പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയർന്നതിനാൽ പമ്പിങ് നടത്താൻ കഴിയുന്നില്ല. ദുരിതം ഏറിയതോടെ കർഷകർ കലക്ടറേറ്റിന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്.
എ.ഡി.എം ആശ സി. എബ്രഹാം, തണ്ണീര്‍മുക്കം കെ.ഡി. ഡിവിഷന് എക്സി. എന്‍ജിനീയര്‍ സി.ഡി. സാബു, മേജര്‍ ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ എം.സി. സജീവ് കുമാര്‍, എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ എന്‍. രാമകുമാര്‍, തണ്ണീര്‍മുക്കം മെക്കാനിക്കല്‍ വിഭാഗം എ.ഇ എം. ജംഷീദ്, കെ.ഡി സബ് ഡിവിഷന് എ.ഇ പി.എം. ജിജിമോന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.