പാണാവള്ളി: തെക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്തിനും വടക്ക് അരൂക്കുറ്റി പഞ്ചായത്തിനും ഇടക്ക് കിടക്കുന്ന വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ശാന്തസുന്ദരമായ കായൽ പ്രദേശമാണ് പാണാവള്ളി. കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ കൈവഴിയായ ഉളവയ്പ് കായലുമാണ് അതിർത്തികൾ.
ഇതിഹാസകാലത്ത് പാണ്ഡവർ താമസിച്ച വെളി എന്ന പേരിൽനിന്ന് പാണ്ഡവരുടെ വെളി ലോപിച്ച് പാണാവള്ളി ആയെന്നും പാണൽച്ചെടികൾ കൊണ്ട് സമൃദ്ധമായിരുന്ന പ്രദേശമെന്ന നിലയിൽ പാണാവള്ളി എന്ന പേര് കിട്ടിയെന്നും സ്ഥലനാമ പുരാണങ്ങളുണ്ട്.
പാണ്ഡവർ വനവാസകാലത്ത് ഈ കാട്ടുപ്രദേശത്തുകൂടി സഞ്ചരിച്ചിട്ടുണ്ടെന്നും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ആഹാരം പാകപ്പെടുത്താൻ അടുപ്പ് കൂട്ടിയതിന്റെ അവശേഷിപ്പാണ് വെളിയിൽ കാണുന്ന നാല് കല്ലുകളെന്നും വിശ്വസിക്കുന്നവരുണ്ട്. 'പാണ്ഡവർവെളി' ആണ് 'പാണാവള്ളി' ആയതെന്നും ഇവർ വിശ്വസിക്കുന്നു.
അരൂക്കുറ്റി -ചേർത്തല റോഡരികിൽ പാണാവള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഇപ്പോഴും നാലുകല്ലിനെ സംരക്ഷിച്ചിരിക്കുന്നത് കാണാം. പാണൽച്ചെടികൾ കൊണ്ട് സമൃദ്ധമായിരുന്ന പ്രദേശമെന്ന നിലയിൽ പാണാവള്ളി എന്ന് പേര് കിട്ടിയെന്ന് മറ്റൊരു കഥ. പണ്ട് ഇവിടം കുറ്റിച്ചെടികളും കാട്ടുവള്ളികളും തഴച്ചുവളർന്ന് നിൽക്കുന്ന പ്രദേശമായിരുന്നു. മോതിരവള്ളി, പാളക്കടുപ്പ്, തേവരപ്പരാകി തുടങ്ങി വൃക്ഷങ്ങളിൽ പടർന്നുകയറുന്ന വള്ളിച്ചെടികളുമുണ്ടായിരുന്നു. പാണലും ഇത്തരം വള്ളികളും കൊട്ടയും വട്ടിയുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
പാണലും വള്ളികളുമൊക്കെ നിറഞ്ഞ പ്രദേശമായതിനാൽ 'പാണാവള്ളി' എന്ന പേരു വീണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പാണൽ വള്ളികൾ ഔഷധങ്ങൾക്കും ഉപയോഗിച്ചിരുന്നത്രെ. പാണലും വള്ളികളും കൊണ്ട് കൊട്ടയുണ്ടാക്കുന്നവരും പണ്ടിവിടെ ധാരാളം ഉണ്ടായിരുന്നു. നെൽകൃഷിയും മീൻപിടിത്തവും കക്കവാരലും കയറുപിരിയും മറ്റുമായിരുന്നു പണ്ടത്തെ തൊഴിലുകൾ. പച്ചക്കറികളും വെറ്റിലയും വ്യാപകമായി കൃഷി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.