ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. താഴ്ന്നപ്രദേശങ്ങളിലെ നിരവധി വീടുകളിലും റോഡുകളിലും വെള്ളംകയറി. പമ്പയാർ കരകവിഞ്ഞ് അമ്പലപ്പുഴ-തിരുവല്ല പാതയിൽ വെള്ളംകയറി. വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ല. കുട്ടനാട്ടിൽ പുളിങ്കുന്ന് പാലത്തിന് താഴെ മാലിന്യമടിഞ്ഞതിനാൽ ബോട്ട് സർവിസ് നിർത്തിവെച്ചു.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ജങ്ഷൻ വെള്ളത്തിൽ മുങ്ങി. നീരേറ്റുപുറം-മുട്ടാർ-കിടങ്ങറ റോഡ്, മുട്ടാർ സൗഹ്യദയ ജങ്ഷൻ, മുട്ടാർ സെന്റ് ജോർജ് പള്ളിയുടെ മുൻവശം എന്നിവിടങ്ങളും മുങ്ങി. അപ്പർകുട്ടനാട്ടിലെ തലവടി, വീയപുരം, എടത്വ, മുട്ടാർ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം.
തലവടി പഞ്ചായത്തിൽ മാത്രം 60 വീടുകളിൽ വെള്ളം കയറി. നീരേറ്റുപുറം, കുന്നംമാടി, കുതിരച്ചാൽ, മൂരിക്കോലുമുട്ട്, പ്രിയദർശിനി, വേദവ്യാസ സ്കൂൾ, മണലേൽ, കോടമ്പനാടി, പൂന്തുരുത്തി, നാരകത്തറമുട്ട്, കളങ്ങര, ചുട്ടുമാലിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. തലവടി കുന്നുമ്മാടി കുതിരച്ചാൽ കോളനിയിലെ നിരവധി വീടുകളാണ് വെള്ളത്തിലായത്.
കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി തുടങ്ങിയ മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. എന്നാൽ, അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ല. ചതുർഥ്യാകരി-പുളിങ്കുന്ന്, വെളിയനാട്-കണ്ണാടി റോഡുകളിൽ വെള്ളംകയറി യാത്ര ദുരിതമായി.ചൊവ്വാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയും കിഴക്കൻവെള്ളത്തിന്റെ വരവുമാണ്. ബുധനാഴ്ച രാവിലെ മഴക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും ദുരിതത്തിന് അയവുണ്ടായില്ല.
പമ്പ, മണിമല, അച്ചൻകോവിൽ നദീതീരത്ത് താമസിക്കുന്നവരാണ് കെടുതിയിൽ വലയുന്നത്. ജലം കടലിലേക്ക് ഒഴുക്കാൻ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികൾ മുറിച്ചു. സമീപജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും കനത്തമഴയുള്ളതിനാൽ വരും മണിക്കൂറുകളിൽ കൂടുതൽ വെള്ളമെത്തുമെന്നാണ് വിലയിരുത്തൽ. ഇതിനാൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.