തുറവൂർ: ദേശീയപാതയിൽ ചോരമണം മാറുന്നില്ല. ചേർത്തല മുതൽ അരൂർ വരെയുള്ള സുരക്ഷാപാതയിലാണ് നിരവധി അപകടങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ അഞ്ച് ജീവനുകളാണ് ഈ ഭാഗത്തെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത്. നിരവധിപേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. നിയന്ത്രണംവിട്ട് ഇരുചക്രവാഹനം മറിയുമ്പോൾ യാത്രക്കാർ റോഡിൽ വീണ് ഇവരുടെ ശരീരത്തിലൂടെ മറ്റു വാഹനങ്ങൾ കയറുന്ന ദാരുണ അപകടങ്ങളാണ് ദേശീയപാതയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സുരക്ഷിത പാതയായി പ്രഖ്യാപിച്ചിട്ടുള്ള ചേർത്തല-അരൂർ ഭാഗത്ത് ഒറ്റപ്പുന്ന, പൊന്നാംവെളി, പുത്തൻചന്ത, തുറവൂർ, കുത്തിയതോട് , കോടംതുരുത്ത്, എരമല്ലൂർ, ചന്തിരൂർ, അരൂർ ഭാഗങ്ങളിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്.
ഇരുചക്രവാഹനങ്ങളുടെ അമിതവേഗവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിതവേഗം പരിശോധിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. വൈകുന്നേരങ്ങളിലും രാത്രികളിലും അപകടമുണ്ടാക്കുന്ന രീതിയിലാണ് യുവാക്കൾ ഇരുചക്രവാഹനത്തിൽ റോഡിലൂടെ പായുന്നത്. ഈ ഭാഗത്ത് റോഡിലെ ടാർ ഉരുകിയുണ്ടായ തിരകളും കുഴികളും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിൽ അപ്രതീക്ഷിത സ്ഥലങ്ങളിൽ കുഴികളും ഉയർച്ചയും ഉണ്ടാകുന്നത് അതിവേഗത്തിലെത്തുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുന്നു. ദേശീയപാതയിലെ പൊലീസ് പരിശോധന ശക്തമാക്കണമെന്നും റോഡിന്റെ അപാകതകൾ പരിഹരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.