തുറവൂർ: കൊടും കുറ്റവാളികളെ ജനൽകമ്പിയിലും മേശകാലിലും കെട്ടിയിടുന്നൊരു അവസ്ഥയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷൻ. ഇതു സത്യമാണോ എന്നു അത്ഭുതപ്പെടുന്നവർ കണ്ടേക്കാം.
പക്ഷേ, പൊതുസുരക്ഷയുടെ കാര്യത്തിൽ അരൂർ സ്റ്റേഷനിൽ കുഴപ്പക്കാരായ കൊടും കുറ്റവാളികളായ പ്രതികളെ സൂക്ഷിക്കാൻ ഈ ഒരൊറ്റ മാർഗമേയുള്ളൂ. ഇവിടെ ലോക്കപ്പില്ലാത്തതാണ് കാരണം.
മാത്രമല്ല, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കാനും സൗകര്യം ഇല്ല. മെട്രോനഗരമായ കൊച്ചിയോട് വളരെയടുത്തുള്ള സ്റ്റേഷനിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത്.
കൊച്ചിയിൽനിന്ന് കുടിയേറുന്ന ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും പ്രധാനതാവളമാണ് അരൂരും പരിസര പ്രദേശങ്ങളും. ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ ഉൾപ്പെടുന്ന അരൂരിൽ വാഹനാപകടങ്ങളും പതിവ്. 1983 ഒക്ടോബർ രണ്ടിന് നിലവിൽവന്ന സ്റ്റേഷൻ 37വർഷം പിന്നിടുമ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സി.ഐ, എസ്.ഐ എന്നിവരടക്കം 31 ഉദ്യോഗസ്ഥരാണുള്ളത്. ആറ് വനിത പൊലീസുകാരുമുണ്ട്. അരൂർ-ഇടക്കൊച്ചി പാലത്തിനരികിൽ കൈതപ്പുഴ കായലോരത്താണ് സ്റ്റേഷൻ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. പിന്നീട്, കെട്ടിടം നാശോന്മുഖമായതോടെയാണ് ചന്തിരൂർ സർവിസ് സഹകരണ ബാങ്കിെൻറ കെട്ടിടത്തിൽ മാസവാടകക്ക് മാറിയത്.
അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ പൊതുകുളമായ എരിയകുളം നികത്തി പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, തണ്ണീർത്തട നിയമലംഘനത്തിനെതിരെ പൊതുപ്രവർത്തകർ നൽകിയ ഹരജിയെത്തുടർന്ന് എരിയകുളം നികത്താനുള്ള ശ്രമം ഹൈകോടതി തടഞ്ഞു. സി.ഐക്കും എസ്.ഐക്കും ചെറിയൊരുമുറി. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് നിന്നുതിരിയാൻ ഇടമില്ല. പരാതിയുമായി എത്തുന്നവർ വെയിലേറ്റ് പുറത്തുനിൽക്കണം. ഇരിക്കാനിടമില്ല.
2018ൽ കെട്ടിടനിർമാണത്തിനായി പൊലീസ് വകുപ്പ് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.10 കോടിയും അന്നത്തെ എം.എൽ.എ എ.എം. ആരിഫ് പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ, പഞ്ചായത്തിെൻറ അധീനതയിലുള്ള എരിയകുളം നികത്തി സ്റ്റേഷൻ നിർമിക്കുന്നതിനെതിരെ പ്രതിഷേധം അരങ്ങേറി. കുളം നികത്തുന്നത് ഹൈകോടതി തടഞ്ഞതോടെ ലഭ്യമായ ഫണ്ടും ലാപ്സായി. ബന്ധപ്പെട്ടവർ മറ്റ് മാർഗങ്ങൾ തേടാതെ പദ്ധതി അപ്പാടെ ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.