തുറവൂർ: അരൂർ നിയോജക മണ്ഡലത്തിൽ പള്ളിത്തോടിനെയും ഇല്ലിക്കൽ മനക്കോടത്തെയും ബന്ധിപ്പിച്ച് പൊഴിച്ചാലിന് കുറുകെയുള്ള വാക്കയിൽ പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചു. 2017-18 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 16.80 കോടിയാണ് പ്രവർത്തിക്കായി അനുവദിച്ചത്. അപ്രോച് റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ പാലം ഉദ്ഘാടന സജ്ജമാകും.
1.45 കോടി ഭൂമി ഏറ്റെടുക്കലിന് മാത്രം ചെലവിട്ടു. ബോസ്ട്രിങ് ആര്‍ച് മാതൃകയിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. പാലത്തിന് സ്പാനോടെ 32.00 മീറ്റര്‍ നീളവും 7.50 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. ഇരുവശത്തായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്.
ഇരുകരയിലുമായി 70 മീറ്റര്‍ നീളത്തില്‍ മൂന്ന് അപ്രോച് റോഡുകളാണുള്ളത്. 80 മീറ്റര്‍ നീളത്തില്‍ മൂന്ന് സര്‍വിസ് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് പാലത്തിന്റെ പണി തുടങ്ങിയത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പടിഞ്ഞാറെ മനക്കോടത്തെ വാക്കയില്‍ കോളനിയെ മൂലേക്കളം, തുറവൂര്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം എന്ന ജനങ്ങളുടെ സ്വപ്നമാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. ഇതുവഴി തുറവൂര്‍, കുത്തിയതോട്, എറണാകുളം ഭാഗത്തേക്ക് വാക്കയില്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ എത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.