തുറവൂർ: തീരദേശം വറുതിയുടെ പിടിയിൽ. മത്സ്യലഭ്യത ഇല്ലാതായിട്ട് രണ്ടു മാസമായി. വള്ളമിറക്കുന്നതിെൻറ െചലവ് തുകപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വൻതോതിൽ ചെമ്മീനും മത്തിയും അയലയും ലഭിക്കേണ്ട സമയമാണ്. എന്നാൽ, ഒരു മീനും ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുകയാണ്.
ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കൽ ബീച്ച് എന്നിവിടങ്ങളിൽ മാത്രം അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലെയ്ലാൻഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നത്. നിലവിൽ അമ്പതിൽ താഴെ വള്ളങ്ങളെ കടലിൽ പോകുന്നുള്ളൂ. ഇവർക്ക് ചെറിയതോതിൽ അയിലയും പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളൂ.
മത്സ്യമേഖല വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാണ്. അടിയന്തര സാമ്പത്തിക സഹായം ഉൾെപ്പടെ നൽകണമെന്ന ആവശ്യം ശക്തമാണ്.
തുറവൂർ: പാടശേഖരങ്ങളിൽ പിടിമുറുക്കി മത്സ്യമാഫിയ. 'ഒരു മീനും ഒരു നെല്ലും' പദ്ധതി അട്ടിമറിച്ച് മുഴുസമയ മത്സ്യകൃഷിക്കുള്ള നീക്കമാണ് പാടശേഖരങ്ങളിൽ നടക്കുന്നത്. ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലെ കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂർ, പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് മത്സ്യമാഫിയ പിടിച്ചുെവച്ചിരിക്കുന്നത്.
പാടശേഖരങ്ങളിൽ വെള്ളം വറ്റിയതിനാൽ ഇവിടെ നെൽകൃഷിക്കായി പാടശേഖരം ഒരുക്കേണ്ട സമയമാണിത്. എന്നാൽ, മത്സ്യമാഫിയ മുഴുവൻ പാടശേഖരങ്ങളും വല കൊണ്ട് അടച്ച് വീണ്ടും മത്സ്യകൃഷിക്ക് പാടശേഖരങ്ങൾ ഒരുക്കുകയാണ്. പ്രദേശത്തെ പഞ്ചായത്തുകളും കൃഷിഭവൻ ഉപദേശക സമിതികളും ജില്ല ഭരണകൂടവും 'ഒരു മീൻ ഒരു നെല്ല്' പദ്ധതിക്കായി ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും മത്സ്യമാഫിയ സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കുകയാണ്.
ഈ പ്രദേശത്തെ കർഷകസംഘങ്ങളും നെൽകൃഷി അട്ടിമറിക്ക് കൂട്ടു നിൽക്കുന്നതായാണ് ആരോപണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നെൽകൃഷിക്കായി ഉപയോഗിക്കുകയാണെങ്കിൽ താലൂക്കിലെ വടക്കൻ മേഖലയിലെ ആയിരക്കണക്കിന് ഏക്കർ പാടശേഖരത്ത് നെൽകൃഷി നടത്താമെന്നും നെല്ല് വൻതോതിൽ ഉൽപാദിപ്പിക്കാനാകുമെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.