തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ദേശീയപാതയിലെ യാത്രക്ക് ദുരിതപർവം തീർക്കുമ്പോൾ പ്രതിഷേധം അടക്കാനാകാതെ നാട്ടുകാർ പ്രക്ഷോഭത്തിൽ. ചൊവ്വാഴ്ച ഉയരപ്പാത നിർമാണം കുത്തിയതോട്ടിൽ നാട്ടുകാർ തടഞ്ഞു. യാത്ര ദുരിതത്തിന് അറുതികാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അരൂർ-തുറവൂർ ദേശീയ പാതയിൽ ആകാശപാത നിർമാണം തുടങ്ങിയതു മുതൽ വാഹന യാത്രക്കൊപ്പം കാൽനടയും ദുരിത പൂർണമാണ്. വാഹന യാത്രികരും കാൽനടക്കാരും നിരവധി പേർ മരിച്ചു.
അതിലേറെ പേർ പരിക്കുകളോടെ ജീവിക്കുന്നു. ചെറു സമരങ്ങളും നിവേദനങ്ങളും നിരവധി നടത്തി. കൂടിയാലോചനകളിൽ സമ്മതിച്ച വ്യവസ്ഥകൾ ഒന്നും പാലിക്കാൻ അധികൃതർ തയാറായില്ല. നിർമാണം തടയാൻ പാടില്ലെന്ന കർശന നിലപാട് നിലനിൽക്കെ തന്നെ ഗത്യന്തരമില്ലാതെ നാട്ടുകാർ സമര രംഗത്തിറങ്ങുകയായിരുന്നു.ആംബുലൻസ്, പൊലീസ് വാഹനങ്ങൾ ഉൾപ്പടെയുള്ളവ ദുരവസ്ഥ മൂലം തടസ്സങ്ങളിൽപ്പെടുന്നത് സാധാരണയാണ്. അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിച്ചപ്പോൾ നിരന്തരമായ യാത്രാദുരിതങ്ങളിൽ സഹികെട്ടാണ് ചൊവ്വാഴ്ച ജനം കുത്തിയതോട് ജങ്ഷനിൽ നിർമാണംതടസ്സപ്പെടുത്തിയത്.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പൊലീസും കമ്പനി അധികൃതരുമായി ചർച്ചനടത്തി. നിലവിലെ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാനും വെള്ളക്കെട്ടുകളുള്ള ഭാഗങ്ങൾ ബ്ലാക്പ്സ്പോട്ടായി രേഖപ്പെടുത്തി ഉയർത്താനും കമ്പനി അധികൃതർ സമ്മതിച്ചു.
നിർദേശിച്ചിട്ടുള്ള യു ടേൺ ഭാഗങ്ങളിൽ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണത്തക്കവിധം ഗ്രിൽ സ്ഥാപിക്കാനും സ്കൂളുകൾക്ക് മുന്നിൽ ഗാർഡിനെ നിയമിക്കാനും തീരുമാനിച്ചു.കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ എം.പി, കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെടുത്ത തീരുമാനങ്ങൾ ഞായറാഴ്ച മുതൽ നടപ്പാക്കുമെന്നും നിലവിൽ ഉന്നയിച്ച കാര്യങ്ങളും പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനത്തിന്റെ സഹകരണം കമ്പനി അധികൃതർ അഭ്യർഥിച്ചു. കുത്തിയതോട് പൊലീസ് എസ്.എച്ച്.ഒ ആസാദിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കമ്പനി ഉദ്യോഗസ്ഥരായ വേണുഗോപാൽ, സദാനന്ദൻ, സുരേഷ് തുടങ്ങിയവരും സമരനേതൃനിരയിൽനിന്ന് സനീഷ് പായിക്കാടൻ, അനിൽ ധനശ്രീ, സനൂബ് അസീസ്, തുറവൂർ ഷിഹാബ്, സജിൽ പായിക്കാടൻ, ബിജിരാജ്, നജീബ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.