തുറവൂർ: ദേശീയ പാതയിൽ അരൂർ-തുറവൂർ ഉയരപ്പാതയുടെ മൂന്നിലൊന്ന് തൂണുകളുടെ നിർമാണവും പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിൽ 374 തൂണുകളാണ് നിർമിക്കുന്നത്. ഇതിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന് പാകമായി 115 തൂണുകളും കോൺക്രീറ്റ് ചെയ്യുന്നതിനായി 53 തൂണുകൾക്ക് കമ്പികൾ കെട്ടി തയാറായിവരുന്നു. ജൂണിൽ കാലവർഷത്തിന് മുമ്പ് പരമാവധി തൂണുകളുടെ നിർമാണം പൂർത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം.
അരൂർ മുതൽ തുറവൂർ വരെ അഞ്ച് റീച്ചുകളിലാണ് ജോലികൾ നടക്കുന്നത്. തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള ആദ്യറീച്ചിൽ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 24 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു. കുത്തിയതോട് മുതൽ കണ്ണുകുളങ്ങര വരെയുള്ളതിൽ കുത്തിയതോട് ജങ്ഷനുസമീപം ഏഴ് ഗർഡറുകളും ചന്തിരൂർ മുതൽ അരൂർ വരെയുള്ള റീച്ചിൽ 11 ഗർഡറുകളും സ്ഥാപിച്ചു.
സാധാരണ രാത്രി മാത്രമായിരുന്നു ഗർഡറുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ രാത്രി മാത്രം ജോലി തുടർന്നാൽ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന കാരണത്താൽ കരാർ ഏറ്റെടുത്ത പൂനെ കേന്ദ്രമായുള്ള അശോക് ബിൽഡ്കോൺ കമ്പനി അധികൃതർ മുഴുവൻ സമയം ജോലികൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഗതാഗതം നിയന്ത്രിക്കുന്നതിനായി കരാറുകാർ മാർഷൽമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ ആരും വകവെക്കാറില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചാൽ അപകടങ്ങൾ കുറക്കാനാകും. നേരത്തെ ചേർത്തല മുതൽ അരൂർ വരെയുള്ള പാതയിൽ ലൈൻ ട്രാഫിക് പരിശോധനക്കായി ഒരു ജീപ്പും ഹൈവേ പൊലീസും പാതയിലുണ്ടായിരുന്നു. നിലവിൽ വല്ലപ്പോഴും ഹൈവേ പൊലീസിന്റെ വാഹനം മാത്രമാണുള്ളത്.
ആലപ്പുഴ ഭാഗത്തുനിന്ന് കൊച്ചി ഭാഗത്തേക്ക് പോകുന്ന 4.5 മീറ്ററിൽ ഉയരമുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുറവൂരിൽ ഹൈറ്റ് ബാരിയർ സ്ഥാപിച്ചിരുന്നു.എന്നാൽ സ്ഥാപിച്ച മണിക്കൂറുകൾക്കുള്ളിൽ തന്നെ ചരക്കുലോറി ഇടിച്ച് ബാരിയർ തകർന്നു. ഉയരപ്പാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുമ്പ് ബാരിക്കേഡുകൾക്ക് മുകളിൽ ബ്ലിങ്കർ ലൈറ്റുകളും സ്റ്റിക്കറുകളും സ്ഥാപിച്ചിരുന്നു. രാത്രി സമയങ്ങളിൽ മിന്നുന്ന 700 മുതൽ 750 രൂപ വിലയുള്ള 2500 ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം ലൈറ്റുകളും മോഷണം പോയെന്നാണു കരാറുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.