തുറവൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിെൻറ ഭാഗമായി ഗതാഗത നിയന്ത്രണ സംവിധാനമില്ലാത്തത് റോഡപകടങ്ങൾ കൂട്ടുന്നു. ഉയരപ്പാതയുടെ നിർമാണം ദേശീയപാതയിൽ പലയിടത്തായി പുരോഗമിക്കുകയാണ്. ഇതിനായി കൊണ്ടുവന്ന കൂറ്റന്‍ ക്രെയിനിന്റെ ഇരുമ്പ് റോപ് കഴിഞ്ഞദിവസം അരൂരിൽ പൊട്ടി ഷെല്‍ താഴേക്ക് പതിച്ചു. സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് ഉയരപ്പാത നിർമാണമെന്ന ആക്ഷേപം ശക്തമാണ്.
കാലവർഷം തുടങ്ങിയിട്ടും ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഹൈവേ കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെയും കരാറുകാരുടെ ആളുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
കഴിഞ്ഞദിവസം ദേശീയപാതയിൽ കോടംതുരുത്തിൽ രണ്ട് ചെറുപ്പക്കാരെ നിയന്ത്രണം തെറ്റിയ കാറിടിച്ചു. രണ്ടുപേരും പരിക്കേറ്റെങ്കിലും ഒരാളെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാനായത്. പരിക്കേറ്റയാൾ മരിച്ചെന്ന് കരുതി ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയാറാകാതിരുന്നത് വിവാദമായിരുന്നു. 20 മിനിറ്റോളം റോഡിൽ കിടന്നശേഷം രണ്ടു അധ്യാപികമാരുടെ ഇടപെടലിലാണ് അപകടത്തിൽപെട്ട ധനീഷിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
വിളിപ്പാടകലെയാണ് കുത്തിയതോട് പൊലീസ് സ്റ്റേഷനെങ്കിലും അറിയിച്ചിട്ടും സമയത്ത് പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. 108 ആംബുലൻസിൽ മരിച്ചയാളെ കൊണ്ടുപോയില്ലെന്നും പറയുന്നു.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വടക്കുനിന്നുള്ള വലിയ വാഹനങ്ങൾ അരൂക്കുറ്റിവഴിയും തെക്കുനിന്നുള്ള വാഹനങ്ങൾ കുമ്പളങ്ങി റോഡ് വഴിയും തിരിച്ചുവിടാനുള്ള തീരുമാനം നടപ്പാക്കുന്നത് വൈകാനാണ് സാധ്യത. ഈ മേഖലയിൽ പരമാവധി വേഗം 40 കിലോമീറ്ററാക്കി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.
രാവിലെയും വൈകീട്ടും സ്കൂൾ കുട്ടികളെ വിടുന്ന സമയത്ത് ദേശീയപാതയിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്നും അപകടമുണ്ടാകുന്ന സമയത്ത് അടിയന്തരമായി ഇടപെടാൻ എല്ലാ പഞ്ചായത്തും ജാഗ്രത പാലിക്കാൻ നിർദേശം നൽകണമെന്നും കലക്ടറോട് പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.