തുറവൂർ: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വാക്കയിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി. ഇതുമൂലം പടിഞ്ഞാറെ മനക്കോടം - പള്ളിത്തോട് പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്ര ഇന്നും ദുരിതപൂർണ്ണമായി തുടരുന്നു.
പ്രദേശവാസികളുടെ ദീർഘനാളത്തെ മുറവിളികൾക്ക് ഒടുവിലാണ് വാക്കയിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയായിട്ടും ഗതാഗത്തിനു തുറന്നു കൊടുക്കാത്തത് രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണെന്ന് നാട്ടുകാർ പറയുന്നു.
തുറവൂർ പഞ്ചായത്തിൽ ഒറ്റപ്പെട്ടു കിടന്ന പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട് എന്നീ കരകളെ വേർതിരിക്കുന്ന പൊഴിച്ചാലിനു കുറുകെയാണ് പാലം നിർമിച്ചത്. പാലത്തിന്റെ ഇരു ഭാഗത്തെ സമീപപാതയും പാലത്തിൽ നിന്നും പടിഞ്ഞാറ് 50 മീറ്റർ ഭാഗത്തെ റോഡും കിഴക്കു വടക്കുഭാഗത്തായി 500 മീറ്റർ ഭാഗത്തെ റോഡും കോൺക്രീറ്റ് കട്ട വിരിച്ച് റോഡ് വികസിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്തെ റോഡു നിർമാണമാണ് ഇനി നടക്കുവാനുള്ളത്. എന്നാൽ ഇതിന്റെ പേരിൽ പാലത്തിന്റെ ഉദ്ഘാടനം അനന്തമായി നീട്ടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
16.80 കോടി രൂപയാണ് പാലത്തിനും സമീപ പാതയ്ക്കുമായി അനുവദിച്ചത്. വർഷങ്ങൾക്കു മുൻപ് നിർമാണം ആരംഭിച്ചെങ്കിലും മൂന്നു മാസം മുൻപാണ് പാലത്തിന്റെ റോഡുകളുടെയും നിർമാണം ഏറെകുറെ പൂർത്തിയായത്. ഇരു ഭാഗത്തെയും ശേഷിക്കുന്ന റോഡുകൾ വികസിപ്പിച്ച് റോഡിന്റെ പണി പൂർത്തിയായാൽ ബസ് റൂട്ട് അനുവദിച്ച് യാത്ര ദുരിതം ഒഴുവാക്കാം. പാലത്തിലൂടെ ബസ് റൂട്ട് അനുവദിക്കുന്നതോടെ പടിഞ്ഞാറെ മനക്കോടം - പള്ളിത്തോട് നിവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്ര ദുരിതം പരിഹരിക്കപ്പെടും. തീരമേഖലയിലെ വിനോദസഞ്ചാര വികസനത്തിനും പാലം വഴിതെളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.