തുറവൂർ: കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളുടെ കടലോര പ്രദേശങ്ങളിലെ വാർഡുകളായ ചാവടി, പൊഴിച്ചിറ, കരേത്തോട് പൂഴേക്കടവ്, പള്ളിത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുന്നു.
കടലോര മേഖലയിലേക്ക് പൈപ്പ് വഴി കുടിവെള്ളമെത്താത്തതാണ് കാരണം. ദൂരെയുള്ള ബന്ധുമിത്രാദികളുടെ വീടുകളിൽ പോയാണ് ആഴ്ചയിൽ ഒരുദിവസം വസ്ത്രം കഴുകുന്നതും അത്യാവശ്യ കുടിവെള്ളം ശേഖരിക്കുന്നതും. 300 രൂപയുടെ കുടിവെള്ളം വിലക്കു വാങ്ങിയാണ് നിർധനർ പോലും ഭക്ഷണം പാകം ചെയ്യുന്നത്.
ഗത്യന്തരമില്ലാതെ തീരവാസികൾ കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയിരുന്നു. പഞ്ചായത്തംഗങ്ങളുടെ പങ്കാളിത്തത്തോടെ ജല അതോറിറ്റി ചേർത്തലയിലെ ഓഫീസിലും സമരം നടത്തി.
ഫലമുണ്ടാകാത്തതിനെ തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ എ.എം. ആരിഫ് എം.പിയും ദലീമ ജോജോ എം.എൽ.എയും പങ്കെടുത്ത് ജല അതോറിറ്റി ഓഫീസിനു മുന്നിലും സമരം നടത്തി. ഫ ചാവടി മുതൽ ചാപ്പകടവ് വെരെയുള്ള സ്ഥലത്ത് 250 എം.എം. വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ തീരമേഖലയിലേക്ക് കുടിവെള്ളമെത്തുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് പറഞ്ഞു. വലിയ പൈപ്പ് സ്ഥാപിക്കാൻ സർക്കാർ കനിയണം.
വലിയ പൈപ്പ് സ്ഥാപിക്കും വരെ കുടിവെള്ളം വാഹനത്തിൽ എത്തിക്കാമെന്ന് ജല അതോറിറ്റി ഏറ്റിരുന്നതാണെന്ന് നാട്ടുകാർ പറയുന്നു.
വേനൽ കടുക്കുമ്പോൾ തീരമേഖലയിൽ കുടിവെള്ളം എത്തിക്കാനുള്ള യാതൊരു സംവിധാനവും സർക്കാർ നടത്താത്തതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
ആഴ്ചയിൽ രണ്ടു ദിവസം വരുന്ന കുടിവെള്ളം ചാപ്പകടവിനു കിഴക്കുവശത്തുള്ള ചില വ്യക്തികൾ അനധികൃതമായി മോട്ടോർ വെച്ച് പമ്പ് ചെയ്ത് ശേഖരിക്കുന്നതും ജലക്ഷാമം രൂക്ഷമാകുന്നതിനു കാരണമാകുന്നു. വരുംദിവസങ്ങളിൽ പ്രതിഷേധം കടുക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.