തുറവൂർ: ചങ്ങരം പക്ഷിസങ്കേതത്തിൽ പിന്നെയും മാലിന്യക്കൂമ്പാരം. മാലിന്യം തള്ളുന്നതിന്റെ പിന്നിൽ ലഹരിമാഫിയയാണെന്ന് സൂചന. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുപോലും അപൂർവമായ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാൻ പക്ഷിസ്നേഹികളെത്തുന്ന പക്ഷികളുടെ പറുദീസയാണ് കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പാടശേഖരം. നോക്കെത്താദൂരത്തേക്ക് വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പാടശേഖരവും ചെറുമത്സ്യങ്ങളും സൂക്ഷ്മ ജീവികളും പക്ഷികളെ കിലോമീറ്റർ അകലെനിന്നുപോലും ആകർഷിക്കുന്നു. അപൂർവങ്ങളായ പക്ഷി ഇനങ്ങളെയും ഇവിടെനിന്ന് പക്ഷിനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരുചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത്. ബേർഡ്സ് എഴുപുന്ന എന്ന സംഘടനയുടെ പ്രവർത്തകർ മാലിന്യച്ചാക്ക് അഴിച്ച് പരിശോധിച്ചപ്പോൾ ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് കേന്ദ്രത്തിൽ സൂക്ഷിച്ചതാണിതെന്ന് വ്യക്തമായി. വളരെ അകലെയുള്ള കേന്ദ്രത്തിൽനിന്ന് ചങ്ങരം പാടശേഖരത്തിൽ നിക്ഷേപിക്കാൻ മാലിന്യം എത്തിക്കുന്ന സംഘം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മാസങ്ങൾക്കു മുമ്പ് ഇതുപോലെ മാലിന്യക്കൂമ്പാരം ചങ്ങരത്ത് നിക്ഷേപിച്ചിരുന്നു.
ലഹരി ഉപയോഗക്കാരുടെ ഇടമായി ഇതു മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണിത്. ഇവരുടെ പ്രവൃത്തികളെ ജനപങ്കാളിത്തത്തോടെ നേരിടാൻ തയാറാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.