തുറവൂർ: മറ്റു സംസ്ഥാനങ്ങളിലേക്ക് ചെമ്മീൻ കയറ്റുമതി വ്യവസായം നാടുനീങ്ങുന്നതിന്റെ കാരണം മത്സ്യസമ്പത്തിന്റെ ദൗർലഭ്യമാണെന്ന് ചെമ്മീൻ വ്യവസായികളുടെ സംസ്ഥാന സംഘടനയായ മറൈൻ പ്രൊഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ജില്ലയിൽ അരൂർ മേഖലയിൽ മാത്രം ആയിരക്കണക്കിന് പീലിംഗ് ഷെഡുകൾ ഉണ്ട്. ഇപ്പോൾ 500 ഓളം മാത്രമാണ് പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ കടലോരങ്ങളിൽ നിന്ന് ചെമ്മീൻ വാങ്ങാൻ ചെറുകിടക്കാരെ അനുവദിക്കാത്തതാണ് കാരണം. കയറ്റുമതി വ്യവസായികൾ കേരളത്തിലെ കടലോര ഹാർബറുകൾ കൈയടക്കിയിരിക്കുകയാണ്. ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് കിട്ടുന്ന തെള്ളി ചെമ്മീനുകൾ പീലിംഗ് ചെയ്താൽ പോലും വാങ്ങാൻ കയറ്റുമതിക്കാർ തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഈ രംഗത്തെ ചെറുകിട വ്യവസായികൾ പറയുന്നു.
' 96ൽ ആഴക്കടൽ മത്സ്യബന്ധനത്തിന് കേന്ദ്രസർക്കാർ അനുമതി കൊടുത്തതോടെ കേരളത്തിൽ മത്സ്യസമ്പത്ത് കുറഞ്ഞു. ആയിരക്കണക്കിന് വിദേശ കപ്പലുകൾ മത്സ്യം പിടിക്കാൻ തുടങ്ങിയതോടെ സമുദ്രോൽപന്ന വ്യവസായം പാടെ തകർന്നു. 2006 മുതൽ വനാമി ചെമ്മീൻ കൃഷി ആന്ധ്രയിൽ ഉടലെടുത്തതോടെയാണ് വ്യവസായത്തിന് പുതുജീവൻ വെച്ചത്.
17,000 കോടി രൂപയുടെ വിദേശനാണ്യം തേടി തരുന്ന നിലയിൽ വ്യവസായം വികസിച്ചു. ക്രമേണ 55,000 കോടി രൂപയിലേക്ക് കയറ്റുമതി വ്യവസായം വളർന്നു. 2021ആയതോടെ ആഗോള സാമ്പത്തികമാന്ദ്യം വീണ്ടും സമുദ്രോൽപന്ന വ്യവസായത്തെ തകർത്തു.
ജില്ലയിൽ 28 കോടി രൂപ പ്രതിമാസം ലഭിക്കുന്നത് വെറും മൂന്നു കോടിയായി ചുരുങ്ങി. അരൂർ മേഖലയിൽ മാത്രം 500 ഓളം പീലിംഗ് ഷെഡ് ഉടമകൾ സാമ്പത്തിക സ്ഥാപനങ്ങളുടെ കടക്കെണിയിലാണ്.
തൊഴിലാളികളും പ്രതിസന്ധിയിലാണ്. അടിയന്തരമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളും വിവിധ സർക്കാർ ഏജൻസികളും വിവിധ ട്രേഡ് യൂനിയനുകളും ഇടപെട്ട് വ്യവസായം നിലനിർത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മറൈൻ പ്രോഡക്റ്റ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻറ് അഷറഫ് പുല്ലുവേലി, വൈസ് പ്രസിഡൻറുമാരായ പി.എം. സുബൈർ, എ.എ.ഷൗക്കത്തലി, സെക്രട്ടറി കെ.എം. സുലൈമാൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.