തുറവൂർ: സുഭാഷിണിക്ക് ഒരാഗ്രഹമേയുള്ളു. ചോരാത്ത, അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും തലചായ്ക്കണം. അതിനായി മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ഓഫിസുകളില്ല. എന്നാൽ മതിയായ സ്ഥലമില്ലെന്ന നിയമക്കുരുക്കിൽ എല്ലാ വാതിലുകളും കൊട്ടിയടയുകയായിരുന്നു. ഇനിയുള്ള പ്രതീക്ഷ കാരുണ്യത്തിന്റെ കൈത്താങ്ങാണ്. തുറവൂർ പഞ്ചായത്ത് 17-ാം വാർഡിൽ പള്ളിത്തോട് വടക്കേക്കാട്ട് കോളനിയിൽ കഴിഞ്ഞ 20 വർഷമായി ചോർന്നൊലിക്കുന്ന വീട്ടിലാണ് വിധവയും വയോധികയുമായ സുഭാഷിണി താമസിക്കുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്നു സ്വന്തമായ ഭൂമിയിൽ അടിത്തറ പോലുമില്ലാത്ത പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡ്ഡിൽ ഒറ്റക്കാണ് താമസം. ദ്രവിച്ച് തീരാറായ കൂരയിൽ എത്രകാലം കഴിയേണ്ടി വരുമെന്ന ആശങ്കയിലാണ് 65കാരിയായ അവർ. ഒരു മഴക്കാലം കൂടി വീട്ടിൽ കഴിയുന്നത് ആലോചിക്കാൻ കഴിയുന്നില്ലെന്ന് സുഭാഷിണി പറയുന്നു. മഴ പെയ്താൽ വീട് മുഴുവനായി വെള്ളത്തിലാകും. വീടിനായി സുഭാഷിണി നൽകാത്ത അപേക്ഷകളില്ല. കാണാത്ത അധികാരികളും. ഒരു സെൻറ് ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. മൂന്നു സെൻറ് സ്ഥലമെങ്കിലും വേണമെന്നതാണ് വീടെന്ന സ്വപ്നത്തിന് തടസമാകുന്നത്.
വീടും സ്ഥലവും ലഭിക്കുന്നതിനുള്ള അപേക്ഷ അടുത്ത പദ്ധതി കാലത്ത് മാത്രമേ നൽകാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. ലൈഫ് പദ്ധതിയിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ പരിഗണിച്ചശേഷം മാത്രമേ സുഭാഷിണിക്ക് അപേക്ഷിക്കാനും സാധിക്കൂ. കടയിൽ ജോലിക്കു പോയാണ് സുഭാഷിണി ഉപജീവനമാർഗം കണ്ടെത്തുന്നത്. നവകേരള സദസ്സിലും വീടിന് അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.