തുറവൂർ: മദ്യഷാപ്പുകൾക്കു മുന്നിലെ അനധികൃത വാഹന പാർക്കിങ്ങിൽ അപകടം പതിവായി. പള്ളിത്തോട് ചാവടി റോഡിലെ കള്ളുഷാപ്പുകളുടെ മുന്നിലും അന്ധകാരനഴി-പത്മാക്ഷിക്കവല റോഡിലെ വിദേശമദ്യ ചില്ലറ വിൽപനശാലയുടെ മുന്നിലെ വാഹന പാർക്കിങ്ങുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്.
കഴിഞ്ഞ ആഴ്ച ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ അഞ്ചോളം പേരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനൊപ്പം മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും കുത്തിയതോട് പൊലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
വാഹന പാർക്കിങ് കാൽനടക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പത്മാക്ഷി കവലക്ക് പടിഞ്ഞാറുള്ള വിദേശമദ്യ വിൽപനശാലയുടെ മുന്നിലെ അവസ്ഥയും വ്യത്യസ്തമല്ല.
വിദേശ മദ്യഷാപ്പിന് കിഴക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടെങ്കിലും ലോട്ടറിക്കച്ചവടക്കാരും മത്സ്യക്കച്ചവടക്കാരും ഇവിടം കൈയടക്കുകയാണ്. ഇത് ചോദ്യം ചെയ്താൽ ആക്രമിക്കുകയും ചെയ്യും. ഇവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.