തുറവൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അനധികൃതമായി പണം ചെലവഴിച്ചതായി സൂചന. ഫയലുകളിൽ ക്രമക്കേട് നടത്തിയോ ആവശ്യമായ രേഖകൾ ഇല്ലാതായോ പണം ചെലവഴിച്ചതായി സംശയമുള്ളതായി അസി. എൻജിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. ഫയലുകൾ ആവശ്യപ്പെട്ട് അരൂർ പഞ്ചായത്തിലെ അസി. എൻജിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും അത് ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
ഈ സാഹചര്യത്തിൽ അന്വേഷണം നടത്തണമെന്നും കത്തിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് താൽക്കാലിക വനിത ജീവനക്കാരെ സസ്പെൻഡ് ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ടമുള്ള അസി.എൻജിനീയർ തന്റെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് പദ്ധതിക്ക് സാങ്കേതിക അനുമതിയും ഫണ്ടും നേടിയതായി കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. തുടർന്നാണ്
കുറ്റക്കാരായ കരാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സി.പി.എം നേതൃത്വം നൽകുന്ന 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണകക്ഷിയിലെ സി.പി.ഐയുടെ രണ്ട് അംഗങ്ങളും പ്രതിപക്ഷത്തെ കോൺഗ്രസിലെ അഞ്ചും ബി.ജെ.പിയിലെ മൂന്നും അംഗങ്ങളക്കം 10 പേർ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നതോടെയാണ് നടപടിയുണ്ടായത്. കുറ്റം തെളിഞ്ഞാൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.