തുറവൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ചെളിയും മണ്ണും ഉപയോഗിച്ച് അരൂർ മേഖലയിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നു.
നിർമാണം നടക്കുന്ന സ്ഥലത്തു നിന്ന് ചെളി നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്നവർ സ്വന്തം വാഹനങ്ങളിൽ അത് നെൽവയലുകളിലും തണ്ണീർത്തടങ്ങളിലും നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
നമ്പർ പ്ലേറ്റുകൾ മറച്ചും വ്യാജ വാഹന നമ്പറുകൾ ഉപയോഗിച്ചും രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമാണ് നിലം നികത്തൽ വ്യാപകമായി നടക്കുന്നത്. ഒരു സെന്റിന് നിശ്ചിത തുക നിശ്ചയിച്ചാണ് ഭൂമി നികത്തി നൽകുന്നത്.
ചെളിയും പൈലിങ് വേസ്റ്റും നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്നവരും ഭൂമാഫിയയും ഒത്തുചേർന്നാണ് ഇടപാടുകൾ. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഒത്താശയും ഇതിന് പിന്നിലുണ്ട്. വിരമിച്ച പഞ്ചായത്ത് - റവന്യൂ ഉദ്യോഗസ്ഥരും ഇതിന് കൂട്ടു നിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പുരയിട സ്വഭാവത്തിലുള്ള ഭൂമിയുടെ കരം തീർത്ത രസീത് ഉപയോഗിച്ച് അതാത് വില്ലേജ് ഓഫിസുകളിൽ അപേക്ഷ നൽകി റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ വാഹനങ്ങളിൽ മണ്ണ് കൊണ്ടുപോകാൻ പാടുള്ളു എന്ന നിബന്ധന നിലനിൽക്കെയാണ് കരാറുകാർ ടൺ കണക്കിന് ചെളിയും മണ്ണും കടത്തുന്നത്. ഉയരപ്പാത നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ അരൂർ മേഖലയിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.