തുറവൂർ: തുറവൂർ -അരൂർ ഉയരപ്പാത നിർമാണത്തിന് ഒന്നേകാൽ ഏക്കർ ഭൂമി കൂടി ഏറ്റെടുക്കും. ദേശീയപാത 66ൽ അരൂർ - തുറവൂർ ഉയരപ്പാതക്ക് കുടുതൽ ഭൂമി വേണമെന്ന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കലക്ടർക്ക് കൈമാറി. കഴിഞ്ഞദിവസം സർവേ തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് വേണ്ടിവരുന്നത്. നേരത്തെ 49.25 സെൻറ് ഏറ്റെടുത്തിരുന്നു. ഇതിനുപുറമേയാണ് ഒന്നേകാൽ ഏക്കർ കൂടി ഏറ്റെടുക്കുന്നത്. അരൂർ, ചന്തിരൂർ, കുത്തിയതോട്, തുറവൂർ എന്നിവിടങ്ങളിൽ ഉയരപ്പാതയിലേക്ക് കയറുന്നതിന് ചരിഞ്ഞ പ്രതലം നിർമിക്കും. ഇതിനു വേണ്ടിയാണ് ഭൂമി എടുക്കുന്നത്.
ഉയരപ്പാതക്ക് 2.5 ഏക്കർ ഭൂമി കൂടി വേണമെന്ന് നേരത്തെ ഈ റീച്ചിന്റെ നിർമാണ കരാറുകാർ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഇത്രയും ഭൂമിയെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റി ഈ വിജ്ഞാപനം അനുസരിച്ചുള്ള തുടർനടപടികൾക്ക് അംഗീകാരം നൽകിയില്ല. ഇതിനു പിന്നാലെയാണ് ഒന്നേകാൽ ഏക്കർ ഏറ്റെടുക്കാനുള്ള രേഖകൾ തയാറാക്കാൻ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിന് ദേശീയപാത അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.