തുറവൂർ: എഴുപുന്ന പഞ്ചായത്തിന്റെയും കോടംതുരുത്ത് പഞ്ചായത്തിന്റെയും അതിർത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാർ ദുരിതത്തിൽ. കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകൾ, പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി, വിവിധ ബാങ്കുകൾ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇരുമ്പും തടിയുമുപയോഗിച്ച് പണിത പാലത്തിൽ കയറുന്നവർ ഏതുനിമിഷവും വെള്ളത്തിൽ വീഴാം. ഇരുമ്പ് തുരുമ്പെടുക്കുകയും തടി ദ്രവിച്ചില്ലാതാകുകയും ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു.
നിലവിൽ കരുമാഞ്ചേരി വരെ നടന്നെത്തി ബസുകയറി ദേശീയപാതയിൽ എരമല്ലൂരിലും തുറവൂരിലുമെത്തി അവിടെ നിന്ന് വീണ്ടും ബസു കയറി വേണം കുത്തിയതോട്ടിലെത്താൻ. യാത്രക്ക് മണിക്കൂറുകൾ വേണ്ടിവരുന്നുണ്ടെന്നാണ് നീണ്ടകരക്കാർ പറയുന്നത്.
പാലങ്ങൾ യാഥാർഥ്യമായാൽ വാഹനത്തിൽ ഓട്ടോയിലും ഇരുചക്രവാഹനത്തിലും കരുമാഞ്ചേരിയിലെത്തി ഇടറോഡിലൂടെ ചമ്മനാട് ദേശീയ പാതയിലെത്തി വളരെ വേഗം കുത്തിയതോട്ടിലെത്താം. സ്വന്തം വാഹനമുള്ളവർ നീണ്ടകര -പാറായിക്കവല റോഡിലൂടെ എരമല്ലൂരിലെത്തി അവിടെ നിന്ന് കുത്തിയതോട്ടിലേക്ക് പോകുന്നുണ്ട്. ഏകദേശം ആറു കിലോമീറ്റർ ഇതിനായി ചുറ്റി സഞ്ചരിക്കണം.
ഹരിയാലി പദ്ധതിയിലുൾപ്പെടുത്തി പണിത നടപ്പാത കാടുകയറിയതിനാൽ കൽക്കെട്ടിലൂടെയാണ് നടക്കുന്നത്. പടിഞ്ഞാറും കിഴക്കുമായി ഒഴുകുന്ന കരേത്തോടുകൾക്കു കുറുകെയുള്ള പാലങ്ങളും ജീർണാവസ്ഥയിലാണ്. സ്കൂൾ കുട്ടികളുൾപ്പടെ ജീവൻ പണയപ്പെടുത്തിയാണ് കടന്നു പോകുന്നത്. സാഹസം നിറഞ്ഞ യാത്രകൾക്കൊടുവിൽ വേണം കരുമാഞ്ചേരിയിലെത്താൻ. അവിടെയാണ് ബസ് സ്റ്റോപ്പ്. വർഷങ്ങളായി ഈ ദുരിതയാത്ര തുടരുകയാണ്. നീണ്ടകയിലേക്കുള്ള യാത്രയ്ക്ക് തോടുകൾക്ക് കുറുകെ രണ്ടു പാലങ്ങൾ പണിയാൻ എം.എൽ.എ.ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിച്ചിട്ടുണ്ട്. ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പാലങ്ങൾ യാഥാർഥ്യമാകാൻ എത്രനാൾ വേണ്ടിവരുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.