തുറവൂർ: ഇഴഞ്ഞുനീങ്ങുന്ന മാക്കേകടവ്-നേരേകടവ് പാലം പണി പൂർത്തിയാകുംമുമ്പേ തങ്ങളുടെ ചെറിയവീട് വീട് നിലംപൊത്തുമോയെന്ന ഭീതിയിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 10ാം വാർഡ് കുന്നേപറമ്പിൽ പാർഥനും ഭാര്യയും പ്രായപൂർത്തിയായ രണ്ട് പെൺമക്കളുമടങ്ങിയ കുടുംബം.
മാക്കേകടവ്-നേരേകടവ് പാലത്തിലേക്കുള്ള റോഡരികിൽ ഒരു സെന്റിൽ പണിത ചെറിയ ചായക്കടയാണ് ഈ കുടുംബം തങ്ങളുടെ വീടാക്കി മാറ്റി താമസമുറപ്പിച്ചത്. പാലം പണി തുടങ്ങിയ വേളയിൽ നിർമാണവസ്തുക്കളുമായി ഭാരവാഹനങ്ങൾ കടന്നുവന്നതോടെ വീടിന് ബലക്ഷയം നേരിട്ടതായി പാർഥൻ പറയുന്നു. കൂറ്റൻ ലോറികൾ വലിയ ഭാരവും കയറ്റി വന്നതോടെ റോഡിനോട് ചേർന്നുനിൽക്കുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. ഇതെല്ലാം സുമനസ്സുകളുടെ സഹായത്തോടെ വീണ്ടും കെട്ടിയടച്ചു. ഒരു സെന്റ് ഭൂമിയിൽ നിൽക്കുന്ന ഈ കെട്ടിടവും സ്ഥലവും പാലത്തിന്റെ അപ്രോച്ച് റോഡിന് സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
അതിനിടെ, സർക്കാറിന്റെ ലൈഫ് ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെരിഫിക്കേഷൻ പൂർത്തീകരിച്ച് ലൈഫ് മിഷൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പാർഥനെ അറിയിച്ചതിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുടുംബം.
പ്രധാനമന്ത്രിയുടെ (പി.എം.എ.വൈ) ആവാസ് പ്ലസ് ഭവനപദ്ധതിയിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ മുൻഗണനലിസ്റ്റിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട് ഇത് ലഭിക്കാൻ നാലുവർഷത്തിലധികം കാത്തിരിക്കേണ്ടിവരും. റോഡിലൂടെ ഭാരവണ്ടികൾ ഒരോ പ്രാവശ്യവും കടന്നുപോകുമ്പോഴും നെഞ്ചിടിപ്പോടെ കഴിയുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.