തുറവൂർ: വേനൽ കടുത്തതോടെ കായൽ മലിനീകരണം രൂക്ഷമായി. വേമ്പനാട്ടുകായലിൽ കക്കയും മത്സ്യങ്ങളും കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വേമ്പനാട്ട് കായലിലും കൈവഴികളായ തൈക്കാട്ടുശ്ശേരി, അരൂർ, കൈതപ്പുഴ കായലിലും മറ്റും കക്ക വാരിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം കഴിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഇതോടെ ദുരിതത്തിലാണ്. കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കക്കയുടെയും മത്സ്യങ്ങളുടെയും വംശവർധനക്ക് ഭീഷണിയാകുന്നത്. ഹൗസ് ബോട്ടുകളിൽനിന്നും യന്ത്രവത്കൃതയാനങ്ങളിൽനിന്നുമുള്ള രൂക്ഷമായ മലിനീകരണവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
പോഷകാംശവും കാത്സ്യവും കൂടുതലുള്ള കക്കയിറച്ചിക്ക് വൻ ഡിമാന്‍ഡാണ്. വ്യവസായികമായി കക്കയുടെ തോടിനും ആവശ്യക്കാർ ഏറെയാണ്. കക്കയുടെ തോട് സംസ്കരിച്ച് നീറ്റ് കക്ക, കുമ്മായം, ചുണ്ണാമ്പ് തുടങ്ങിയവ പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയിരുന്നവരും ബുദ്ധിമുട്ടിലാണ്. കക്ക വാരി ഉപജീവനം കഴിച്ചിരുന്നവർക്ക് ഇറച്ചിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനുപുറമെ അതിന്റെ തോടിന് കിട്ടുന്ന വിലയും വലിയ സഹായമായിരുന്നു. തുറവൂർ, തൈക്കാട്ടുശ്ശേരി, അരൂർ, അരൂക്കുറ്റി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളിൽ കക്ക സമൃദ്ധമായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.