തുറവൂർ: തീരദേശമേഖലയിൽ രൂക്ഷമായ കടലാക്രമണം. തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളുടെ തീരപ്രദേശത്താണ് രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നത്. പള്ളിത്തോട്, അന്ധകാരനഴിപാട്ടം മേഖലയിലെ റോഡിന് പടിഞ്ഞാറ് വശത്തുള്ള നിരവധി വീടുകളിൽ കടൽവെള്ളം കയറി. പാട്ടംപള്ളി പ്രദേശത്ത് രൂക്ഷമായ കടലാക്രമണത്തിലുണ്ടായ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ പ്രദേശത്ത് തീരദേശ റോഡിന് പടിഞ്ഞാറുഭാഗത്തായി കാന നിർമിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
കടൽഭിത്തിയുടെ ഇടയിലൂടെ ഇരച്ചുകയറുന്ന വെള്ളം തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗത്ത് കെട്ടിക്കിടക്കുന്നത് ഇവിടത്തെ ജനജീവിതം ദുസ്സഹമാക്കി. തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളുടെ അതിർത്തിപ്രദേശവും അരൂർ, ചേർത്തല നിയോജക മണ്ഡലങ്ങളുടെ അതിർത്തിയുമായ ഇവിടെ വികസനം എത്തിനോക്കാത്ത പ്രദേശമാണ്. ഇരുപഞ്ചായത്തുകളും അതോടൊപ്പം നിയമസഭ സാമാജികരും പൂർണമായി ഉപേക്ഷിച്ചനിലയിലാണ് ഈ പ്രദേശം.
അന്ധകാരനഴി വടക്കേപാലത്തിന് പടിഞ്ഞാറ് ഭാഗത്തെ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂർണമാണ്. കുടിവെള്ളത്തിനും മറ്റും ഏറെ കഷ്ടതയനുഭവിക്കുന്ന പ്രദേശമാണിവിടം. തീരദേശ റോഡിന് പടിഞ്ഞാറു ഭാഗത്തായി കാനയില്ലാത്ത പ്രദേശങ്ങളിൽ കാന നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.